റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരായ മൊഴിയിൽ നിന്ന് പിന്മാറിയ സുഹൃത്ത് ഹസൻ വാരിസിന്റെ സത്യവാങ്മൂലം മുഖവിലക്കെടുക്കാനാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകിയതെന്നാണ് ഇഡിയുടെ നിലപാട്. ഹസൻ വാരിസ് ഉന്നയിച്ച ഭീഷണി ആരോപണങ്ങളും അന്വേഷണ ഏജൻസി തള്ളി.

ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നൽകിയതെന്നും, തന്റെ മകളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അത്തരമൊരു മൊഴി നൽകേണ്ടിവന്നതെന്നും ഹസൻ വാരിസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇഡിക്ക് മുമ്പാകെ നൽകിയ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം സത്യവാങ്മൂലം നൽകിയത്.

എന്നാൽ ഹസൻ വാരിസിന്റെ പുതിയ നിലപാട് അന്വേഷണ ഏജൻസി അംഗീകരിച്ചിട്ടില്ല. ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹം പോലീസിനെ സമീപിക്കേണ്ടതായിരുന്നുവെന്നാണ് ഇഡിയുടെ വിശദീകരണം. നിയമപരമായ രീതിയിലുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

കോടതിയിൽ കേസ് പരിഗണനയിലെത്തുമ്പോൾ നേരത്തെ നൽകിയ മൊഴിയിൽ നിന്ന് പിന്മാറിയെന്ന് കാണിക്കുന്നതിനായി പലരും ഇത്തരം സത്യവാങ്മൂലങ്ങൾ നൽകാറുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ഹസൻ വാരിസിന്റെ ഇപ്പോഴത്തെ സത്യവാങ്മൂലം കേസിലെ മുൻ മൊഴിയെ ഇല്ലാതാക്കുന്ന രേഖയായി കാണാനാകില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.

ഇഡിക്ക് ഒപ്പിട്ട് നൽകുന്ന മൊഴിക്ക് തെളിവുമൂല്യമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൊഴി നൽകിയ വ്യക്തിക്ക് പിന്നീട് അത് പിൻവലിക്കണമെന്ന നിലപാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെങ്കിലും, ഇഡിക്ക് നേരിട്ട് ആ മൊഴി പിൻവലിക്കാൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ വിശദീകരണം.

ഹസൻ വാരിസ് മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത് കോടതിയിൽ ഹാജരാക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ നേരത്തെ നൽകിയ മൊഴിയും പിന്നീട് നൽകിയ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയിൽ വരും.

മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലും ഹസൻ വാരിസിന്റെ മൊഴി നേരത്തെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയർന്നതോടെ കേസിൽ പുതിയ നിയമവിവാദത്തിനും ഇത് വഴിയൊരുക്കിയിരിക്കുകയാണ്.

Share