ആദ്യ വിദേശയാത്രയ്‌ക്ക് മുഖ്യമന്ത്രി വിജയ്; നിക്ഷേപം തേടി യുകെയിലേക്ക്, സിൽവർസ്റ്റോണിൽ അജിത്തുമായും കൂടിക്കാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: അധികാരമേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക വിദേശയാത്രയ്‌ക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യുകെയിലേക്ക് പുറപ്പെട്ടു. സംസ്ഥാനത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തിക്കുക, പുതിയ വ്യവസായ സാധ്യതകൾ തുറക്കുക, ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം. വ്യാഴാഴ്ച രാത്രി 10.05ഓടെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിജയ് ദുബായ് വഴി ലണ്ടനിലെത്തും. സെപ്റ്റംബർ 11ന് അദ്ദേഹം ലണ്ടനിലെത്തുമെന്നാണ് റിപ്പോർട്ട്.

അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ്, ഗ്ലോബൽ കപ്പാബിലിറ്റി സെന്ററുകൾ (GCC) തുടങ്ങിയ മേഖലകളിലാണ് തമിഴ്നാട് സർക്കാർ പ്രധാനമായും നിക്ഷേപം തേടുന്നത്. യുകെ ആസ്ഥാനമായുള്ള ചില കമ്പനികളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുന്നതിന് പുറമെ വ്യവസായ പ്രമുഖരുമായും സംരംഭകരുമായും മുഖ്യമന്ത്രി ചർച്ച നടത്തും.

തമിഴ്നാടും യുകെയും തമ്മിലുള്ള വ്യവസായ ബന്ധം ശക്തിപ്പെടുത്തുന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നിരവധി ബ്രിട്ടീഷ് കമ്പനികൾ ഇതിനകം തമിഴ്നാട്ടിൽ നിർമ്മാണ പ്ലാന്റുകളും ഗ്ലോബൽ കപ്പാബിലിറ്റി സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള കമ്പനികളുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനും പുതിയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുമുള്ള സാധ്യതകൾ മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കും.

തമിഴ്നാട് സർക്കാരിന്റെ കണക്കനുസരിച്ച്, ടി വികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യ 100 ദിവസത്തിനുള്ളിൽ സംഘടിപ്പിച്ച നിക്ഷേപക സമ്മേളനങ്ങളിലൂടെ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ മാത്രം 8,491 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇത് ഏകദേശം 5,690 പേർക്ക് തൊഴിൽ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു.

അതേസമയം, വ്യവസായ നിക്ഷേപത്തിനൊപ്പം തമിഴ്നാട്ടിന്റെ മോട്ടോർ സ്പോർട്സ് മേഖലയ്‌ക്കും യുകെ സന്ദർശനം പ്രയോജനപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിർദേശിച്ചിരിക്കുന്ന മോട്ടോർ സ്പോർട്സ് സിറ്റി പദ്ധതിയുടെ സാധ്യതകൾ പഠിക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ പ്രമുഖ മോട്ടോർ സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങളിലൊന്നായ സിൽവർസ്റ്റോൺ മോട്ടോർ റേസിംഗ് സർക്യൂട്ട് മുഖ്യമന്ത്രി സന്ദർശിക്കും.

സർക്യൂട്ട് രൂപകൽപ്പന, സുരക്ഷാ സംവിധാനങ്ങൾ, വലിയ മോട്ടോർ സ്പോർട്സ് സമുച്ചയങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പ്, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് മനസിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. മോട്ടോർ സ്പോർട്സ്, സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ, സ്പോർട്സ് ടൂറിസം, ഓട്ടോമൊബൈൽ വ്യവസായം തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങളും ഇവിടെ പരിശോധിക്കും.

സെപ്റ്റംബർ 12ന് സിൽവർസ്റ്റോണിൽ നടക്കുന്ന കാർ റേസുമായി ബന്ധപ്പെട്ട പരിപാടിയിലും വിജയ് പങ്കെടുക്കും. അദ്ദേഹം പതാക വീശി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം നടനും പ്രമുഖ കാർ റേസിംഗ് താരവുമായ അജിത്തിനെയും സിൽവർസ്റ്റോൺ റേസിംഗ് ട്രാക്കിൽ വിജയ് കാണും.

Share