അയോധ്യ: ചരിത്രവും വിശ്വാസവും ആധുനിക വികസനവും ഒരുമിക്കുന്ന അയോധ്യയുടെ പുതിയ മുഖം നേരിൽക്കണ്ട് മാധ്യമസംഘം. പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ ഉത്തർപ്രദേശ് മാധ്യമപര്യടനത്തിന്റെ നാലാം ദിവസമാണ് പ്രതിനിധിസംഘം അയോധ്യയിലെത്തിയത്. രാമക്ഷേത്രം സന്ദർശിച്ച സംഘം നഗരത്തിന്റെ സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യം നേരിട്ട് മനസിലാക്കി.
സന്ദർശനത്തിന്റെ ഭാഗമായി അയോധ്യയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ വന്ദന പാണ്ഡെയുമായി മാധ്യമപ്രതിനിധികൾ ആശയവിനിമയം നടത്തി. നഗരത്തിന്റെ ഭരണസംവിധാനം, തീർത്ഥാടകരുടെ സൗകര്യങ്ങൾ, വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ അവർ പ്രതിനിധിസംഘവുമായി വിവരങ്ങൾ പങ്കുവെച്ചു.
വൈകുന്നേരം ജില്ലാ മജിസ്ട്രേറ്റും അയോധ്യ ജില്ലാ കളക്ടറുമായ ശശാങ്ക് ത്രിപാഠി ഐഎഎസുമായും സംഘം കൂടിക്കാഴ്ച നടത്തി. അയോധ്യയുടെ നിലവിലെ വികസന പ്രവർത്തനങ്ങളും ജില്ലയുടെ ഭാവി പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
2020-21ന് ശേഷം വലിയ മാറ്റം
2020-21ന് ശേഷം അയോധ്യയിൽ അടിസ്ഥാനസൗകര്യങ്ങളുടെയും കണക്റ്റിവിറ്റിയുടെയും മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. നഗരത്തിന്റെ സാംസ്കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
റോഡ് വികസനം, വിനോദസഞ്ചാര സൗകര്യങ്ങൾ, റെയിൽവേ കണക്റ്റിവിറ്റി, വിമാനത്താവള സൗകര്യങ്ങൾ എന്നിവയ്‌ക്കൊപ്പം നഗരവികസനത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു. ഉത്തർപ്രദേശ് ആവാസ് വികാസ് പരിഷത്തിന്റെ നേതൃത്വത്തിൽ ഏകദേശം ₹7,000 കോടി ചെലവിൽ 1,400 ഏക്കർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ഗ്രീൻഫീൽഡ് ടൗൺഷിപ്പ് പദ്ധതിയും ഇതിന്റെ ഭാഗമാണ്.
നവീകരിച്ച അയോധ്യ ധാം, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവള കണക്റ്റിവിറ്റി എന്നിവയും വികസനത്തിന്റെ പ്രധാന ഘടകങ്ങളാണ്. തീർത്ഥാടകർ പിന്തുടരുന്ന പഞ്ചകോസി, ചൗദ കോസി, ചൗരസി കോസി പരിക്രമ റൂട്ടുകളുടെ വികസനവും പുരോഗമിക്കുകയാണ്.
ടൂറിസത്തിനും ഹോസ്പിറ്റാലിറ്റിക്കും പുതിയ പദ്ധതികൾ
അയോധ്യയിലെ തീർത്ഥാടന-വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്ക് അനുസൃതമായി ഹോസ്പിറ്റാലിറ്റി അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നുണ്ട്. പുതിയ ഹോട്ടലുകൾക്കും ടൗൺഷിപ്പുകൾക്കും പുറമെ രാമകഥാ സംഗ്രഹാലയത്തിന്റെ പുനർവികസനവും നിർദിഷ്ട ക്ഷേത്ര വാസ്തുവിദ്യാ മ്യൂസിയവും പദ്ധതികളിലുണ്ട്.
വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കുന്നതിനായി സരയു നദിയിൽ തടയണ വികസിപ്പിക്കുന്നതടക്കമുള്ള പദ്ധതികളും നടപ്പാക്കിവരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
രാമക്ഷേത്രത്തിലെ തിരക്കിന് കുറവില്ല
രാമക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പല ദിവസങ്ങളിലും പ്രതിദിന സന്ദർശകരുടെ എണ്ണം കൂടുതലാണെന്നും മാധ്യമപ്രതിനിധികളുടെ ചോദ്യത്തിന് ജില്ലാ കളക്ടർ മറുപടി നൽകി.
അയോധ്യയെ വാരണാസി, പ്രയാഗ്‌രാജ് തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന തീർത്ഥാടന സർക്യൂട്ട് എന്ന ആശയത്തെയും അദ്ദേഹം സ്വാഗതം ചെയ്തു. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ഇത്തരം കണക്റ്റിവിറ്റി ശക്തിപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
നിർദിഷ്ട അയോധ്യ–പ്രയാഗ്‌രാജ്, അയോധ്യ–വാരണാസി എക്സ്പ്രസ് വേകൾ യാഥാർഥ്യമാകുന്നതോടെ ഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നും ഇരു റൂട്ടുകളിലെയും യാത്രാസമയം ഗണ്യമായി കുറയുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള തീർത്ഥാടന വളർച്ചയ്‌ക്കൊപ്പം പൈതൃക സംരക്ഷണം, നഗരവികസനം, ഗതാഗത സൗകര്യങ്ങൾ, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖല എന്നിവയെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് അയോധ്യയിൽ നടക്കുന്നത്. നഗരത്തിന്റെ സാംസ്കാരിക പ്രാധാന്യവും ജില്ലാഭരണകൂടം നടപ്പാക്കുന്ന ഭരണ-വികസന പ്രവർത്തനങ്ങളും നേരിൽ മനസിലാക്കാൻ മാധ്യമസംഘത്തിന്റെ സന്ദർശനം വഴിയൊരുക്കി.