കായംകുളം: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. കരിയിലക്കുളങ്ങരയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ (16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചുകടക്കുന്നതിനായി ഡിവൈഡറിന് സമീപമെത്തിയ ആദിത്യൻ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ അതുവഴി എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ കരിയിലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.














