11.22 സെക്കന്‍ഡ്! ഇന്ത്യന്‍ വനിതാ സ്പ്രിന്റില്‍ ചരിത്രനേട്ടവുമായി ഹരിത; അനിമേഷിന് ഇരട്ട സ്വര്‍ണം, കേരള താരങ്ങള്‍ക്കും കിരീടം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പ്രഥമ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫൈനല്‍ സീരീസില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. വനിതകളുടെ 100 മീറ്ററില്‍ 11.22 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹരിത ഭദ്ര ഇന്ത്യന്‍ വനിതാ അത്‌ലറ്റിക്‌സിലെ രണ്ടാമത്തെ വേഗമേറിയ സമയം കുറിച്ചു. ഈ വര്‍ഷം മികച്ച മുന്നേറ്റം നടത്തുന്ന താരങ്ങളില്‍ ഒരാളായ ഹരിത കരിയറിലെ മികച്ച പ്രകടനമാണ് ഡല്‍ഹിയില്‍ പുറത്തെടുത്തത്.

പുരുഷന്മാരുടെ 100 മീറ്ററിലും 200 മീറ്ററിലും ഒന്നാമതെത്തി അനിമേഷ് കുജൂര്‍ ഇരട്ട കിരീടം സ്വന്തമാക്കി. 100 മീറ്ററില്‍ 10.21 സെക്കന്‍ഡിലും 200 മീറ്ററില്‍ 20.59 സെക്കന്‍ഡിലുമാണ് അനിമേഷ് ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. പുരുഷന്മാരുടെ 100 മീറ്ററില്‍ അനിമേഷ് കുജൂരിന് പിന്നാലെ ഗുരിന്ദര്‍വീര്‍ സിംഗ് 10.32 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തെത്തി.

വനിതകളുടെ 100 മീറ്ററില്‍ ഹരിത ഭദ്ര 11.22 സെക്കന്‍ഡില്‍ ഒന്നാമതെത്തിയപ്പോള്‍ അഭിനയ രാജരാജന്‍ 11.31 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനവും നേടി. ഇരുവരും കരിയറിലെ മികച്ച സമയമാണ് കുറിച്ചത്. പുരുഷന്മാരുടെ 200 മീറ്ററിലും റിലയന്‍സ് ഫൗണ്ടേഷന്‍ താരങ്ങള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും സ്വന്തമാക്കി. അനിമേഷിന് പിന്നില്‍ ജിഷ്ണു പ്രസാദ് 20.63 സെക്കന്‍ഡില്‍ രണ്ടാമതും അഭയ് സിംഗ് 21.04 സെക്കന്‍ഡില്‍ മൂന്നാമതുമെത്തി. നവി മുംബൈയിലെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നടത്തുന്ന ഹരിത ഈ സീസണില്‍ 100 മീറ്ററിലും 200 മീറ്ററിലും ദേശീയ തലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഫൈനല്‍ സീരീസില്‍ കേരള താരങ്ങളും ശ്രദ്ധേയ പ്രകടനം നടത്തി. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ആന്‍സി സോജന്‍, മുഹമ്മദ് അഫ്‌സല്‍, കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍, അനു രാഘവന്‍, ആദര്‍ശ് റാം എന്നിവര്‍ തങ്ങളുടെ ഇനങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. വനിതാ ലോംഗ് ജമ്പിലാണ് ആന്‍സി സോജന്റെ നേട്ടം. പുരുഷന്മാരുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും ട്രിപ്പിള്‍ ജമ്പില്‍ കാര്‍ത്തിക് ഉണ്ണികൃഷ്ണനും മികവ് തെളിയിച്ചു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനും പുരുഷ ഹൈജമ്പില്‍ ആദര്‍ശ് റാമും ഒന്നാം സ്ഥാനത്തെത്തി.

Share