117 മണ്ഡലങ്ങള്‍, 13 ദിവസം; പഞ്ചാബില്‍ ലഹരിക്കെതിരെ ബിജെപിയുടെ പ്രചാരണം; ‘നഷാ മുക്ത് പഞ്ചാബ് യാത്ര’; സമാപന ചടങ്ങില്‍ അമിത് ഷായും

Published by
ജനം വെബ്‌ഡെസ്ക്

ചണ്ഡിഗഡ്: പഞ്ചാബിലെ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനവ്യാപക പ്രചാരണവുമായി ബിജെപി. ‘നഷാ മുക്ത് പഞ്ചാബ് യാത്ര’ എന്ന പേരില്‍ നടത്തുന്ന യാത്ര സംസ്ഥാനത്തെ മുഴുവന്‍ 117 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. സെപ്റ്റംബര്‍ 18ന് ആരംഭിക്കുന്ന യാത്ര സെപ്റ്റംബര്‍ 30ന് ജലന്ധറില്‍ സമാപിക്കും. പഞ്ചാബ് ബിജെപി അധ്യക്ഷന്‍ കേവല്‍ സിംഗ് ധില്ലന്‍ ആണ് യാത്ര പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ലഹരി ഗുരുതരമായ സാമൂഹിക പ്രശ്‌നമായി മാറിയെന്നും വീടുകളിലേക്ക് വരെ ലഹരി എത്തുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ലഹരിവിരുദ്ധമായി ശബ്ദമുയര്‍ത്തുന്നവര്‍ക്ക് സമ്മര്‍ദവും നേരിടേണ്ടിവരുന്നുണ്ടെന്നും ധില്ലന്‍ പറഞ്ഞു.

പഞ്ചാബിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നായിരിക്കും ബിജെപിയുടെ ലഹരിവിരുദ്ധ യാത്രകള്‍ ആരംഭിക്കുക. സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളെയും ബന്ധിപ്പിച്ച് ജനങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം. സെപ്റ്റംബര്‍ 18ന് പത്താന്‍കോട്ടില്‍ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പ്രധാന യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. ജലന്ധറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

2027ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രചാരണം ശക്തമാക്കുന്നത്. ലഹരിവിരുദ്ധ പോരാട്ടത്തിനൊപ്പം ക്രമസമാധാനം, ഭരണനിര്‍വഹണം തുടങ്ങിയ വിഷയങ്ങളും രാഷ്‌ട്രീയ പ്രചാരണത്തിന്റെ പ്രധാന ഭാഗമാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പഞ്ചാബിന്റെ ചുമതലയുള്ള നേതാവുമായ സതീഷ് പൂനിയ മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാന അധ്യക്ഷന്‍ കേവല്‍ സിംഗ് ധില്ലന്‍, നരേന്ദ്ര സിംഗ് റെയ്ന, മന്‍പ്രീത് സിംഗ് ബാദല്‍, സുനില്‍ ജാഖര്‍, അശ്വനി ശര്‍മ്മ, മന്ത്രി ശ്രീനിവാസുലു തുടങ്ങിയവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ലഹരി പ്രശ്‌നത്തിനെതിരെ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം, ലഹരിമുക്ത പഞ്ചാബിനായി പൊതുപിന്തുണ ശക്തമാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

Share