ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മീഷന്‍ (യുകെഎസ്എസ്എസ്സി) 2016ല്‍ നടത്തിയ ഗ്രാമപഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ (വിപിഡിഒ) പരീക്ഷയിലെ അഴിമതി ആരോപണത്തില്‍ നിര്‍ണായക നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡെറാഡൂണിലെ വിവിധ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 10ന് ഇഡി ഡെറാഡൂണ്‍ സബ്-സോണല്‍ ഓഫീസ് സംഘം പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) പ്രകാരമായിരുന്നു നടപടി.
2016ലെ വിപിഡിഒ പരീക്ഷയിലെ ഒഎംആര്‍ ഷീറ്റുകളില്‍ കൃത്രിമം നടത്തിയെന്നും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം സ്വീകരിച്ച് പരീക്ഷാഫലം സ്വാധീനിച്ചെന്നുമുള്ള ആരോപണങ്ങളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് സിംഗ് റാവത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി നിലവില്‍ പ്രവര്‍ത്തിക്കുന്ന ചന്ദന്‍ സിംഗ് ജിനയുടെ വീട്ടിലും ഇഡി പരിശോധന നടത്തി. 2009 മുതല്‍ 2017 വരെ റാവത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജിന ഒഎസ്ഡിയായും പ്രവര്‍ത്തിച്ചിരുന്നു.
വിപിഡിഒ പരീക്ഷയുടെ ഒഎംആര്‍ ഷീറ്റുകള്‍ യുകെഎസ്എസ്എസ്സിയിലെ സുരക്ഷിത സ്ഥലത്തുനിന്ന് അന്നത്തെ സെക്രട്ടറിയുടെ സ്വകാര്യ വസതിയിലേക്ക് മാറ്റിയതായി നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ഇഡി അറിയിച്ചു. ചന്ദന്‍ സിംഗ് ജിനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 32 ലക്ഷം രൂപ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. ഏകദേശം 200.5 ഗ്രാം സ്വര്‍ണവും പരിശോധനയില്‍ കണ്ടെത്തി. 13 സ്വര്‍ണ നാണയങ്ങള്‍, ഏഴ് സ്വര്‍ണ ചെയിനുകള്‍ എന്നിവയ്‌ക്കുപുറമെ റോലെക്‌സ്, റാഡോ, പിയാജെറ്റ്, മൊവാഡോ, ടിസോട്ട്, കാസിയോ എഡിഫൈസ് തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള 12 വിലകൂടിയ വാച്ചുകളും കണ്ടെത്തിയതായി ഇഡി അറിയിച്ചു.
കണ്ടെത്തിയ സ്വര്‍ണത്തിന്റെയും വാച്ചുകളുടെയും മറ്റ് വസ്തുക്കളുടെയും നിലവിലെ മൂല്യം ഏകദേശം 1.28 കോടി രൂപയാണെന്നാണ് ഇഡിയുടെ കണക്ക്. ചില വാച്ചുകളുടെ മൂല്യം ഇപ്പോഴും പ്രത്യേകം വിലയിരുത്തിവരുന്നതിനാല്‍ ആകെ തുകയില്‍ മാറ്റമുണ്ടാകാമെന്നും ഏജന്‍സി അറിയിച്ചു. പിഎംഎല്‍എ സെക്ഷന്‍ 17(1എ) പ്രകാരം ചന്ദന്‍ സിംഗ് ജിനയുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു. അക്കൗണ്ടുകളിലായി 52.16 ലക്ഷം രൂപയുടെ ബാലന്‍സാണ് ഉണ്ടായിരുന്നതെന്ന് ഇഡി വ്യക്തമാക്കി. ജിനയുടെ മൊബൈല്‍ ഫോണും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തു.
ജിന വലിയ തുക പണമായി ചെലവഴിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ഈ പണത്തിന്റെ വ്യക്തമായ ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും ഇഡി പറഞ്ഞു. കണ്ടെത്തിയ പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാന സ്രോതസുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.