അഗളി: അട്ടപ്പാടിയിലെ ചീരക്കടവില്‍ അസം സ്വദേശിയായ യുവതിയെയും നാല് വയസുള്ള മകളെയും കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ യുവതി ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ പശ്ചിമബംഗാള്‍ സ്വദേശി പ്രവോദ് ദാസിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു. ചീരക്കടവിലെ നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശി പ്രോണിത (35), മകള്‍ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ പ്രവോദ് ദാസ് (37)നെ വെള്ളിയാഴ്ച രാവിലെ അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പ്രോണിത ഗര്‍ഭിണിയാണെന്ന സംശയം പ്രവോദ് ദാസിനുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ആശുപത്രിയില്‍ പരിശോധനയ്‌ക്കായി പോയിരുന്നെങ്കിലും ഗര്‍ഭധാരണം സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് തിരിച്ചെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കൈയാങ്കളിയിലേക്ക് നീങ്ങിയെന്നും തുടര്‍ന്ന് പ്രോണിതയെ പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പിന്നീട് മകളെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പുഴയില്‍ ഉപേക്ഷിച്ചതായും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും മറ്റ് തെളിവുകളും അന്വേഷണസംഘം നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രോണിതയും പ്രവോദ് ദാസും ഏകദേശം ഒരു മാസം മുന്‍പാണ് അട്ടപ്പാടിയില്‍ ജോലിക്കായി എത്തിയത്. നേരത്തെ അലിപുര്‍ദ്വാറിലെ പ്ലൈവുഡ് കമ്പനിയില്‍ പ്രോണിതയുടെ ഭര്‍ത്താവും പ്രവോദ് ദാസും ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം പിന്നീട് അടുപ്പമായി തുടരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രോണിതയുടെ ഭര്‍ത്താവ് മംഗളൂരുവിലേക്ക് ജോലിക്കായി പോയ സമയത്താണ് ഇരുവരും അട്ടപ്പാടിയിലേക്ക് എത്തിയത്. ആന്ധ്രാപ്രദേശില്‍ ജോലിക്ക് പോകുകയാണെന്നാണ് ഭര്‍ത്താവിനോട് പറഞ്ഞിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ രണ്ടിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പ്രതി, പിറ്റേദിവസം രാവിലെ തോട്ടം സൂപ്പര്‍വൈസറില്‍ നിന്ന് പണം വാങ്ങി പശ്ചിമബംഗാളിലേക്ക് കടന്നു. ഭാര്യയും കുട്ടിയും പിണങ്ങി നാട്ടിലേക്ക് പോയെന്നും മറ്റൊരാളെ ജോലിക്ക് കൊണ്ടുവരാനാണ് പോകുന്നതെന്നുമാണ് സൂപ്പര്‍വൈസറോട് പറഞ്ഞത്. എന്നാല്‍ അന്വേഷണം പിന്തുടര്‍ന്ന പൊലീസ് പശ്ചിമബംഗാളിലെത്തി പ്രതിയെ വീട്ടില്‍നിന്ന് പിടികൂടുകയായിരുന്നു.
അഗളി ഡിവൈ.എസ്.പി. ആര്‍. അശോകിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. സന്തോഷ്‌കുമാര്‍, അഗളി സി.ഐ. സി. രതീഷ്, എസ്.ഐ. എച്ച്. ഹര്‍ഷാദ്, പുതൂര്‍ എസ്.ഐ. എം. മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് അബ്ദുള്‍ റാഷിയും സ്ഥലത്തെത്തി.