ബെംഗളൂരു: ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് പ്രത്യേക സർവീസ് നടത്തുക. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഉത്സവകാല തിരക്കിനിടെ അധിക യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.
ശനിയാഴ്ച രാവിലെ പുറപ്പെടും
ഹുബ്ബള്ളിയിൽ നിന്ന് ശനിയാഴ്ച രാവിലെ 8.30നാണ് പ്രത്യേക ട്രെയിൻ പുറപ്പെടുക. ഞായറാഴ്ച രാവിലെ 10 മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് എത്തിയ ശേഷം മടക്ക സർവീസും ഉണ്ടായിരിക്കും. തിരുവനന്തപുരം–ഹുബ്ബള്ളി എക്സ്പ്രസ് തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതോടെ ഉത്സവത്തിരക്ക് കഴിഞ്ഞ് കർണാടകയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കും പ്രത്യേക സർവീസ് പ്രയോജനപ്പെടും.
ബെംഗളൂരു, പാലക്കാട്, കോട്ടയം വഴി
ഹുബ്ബള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പ്രധാനമായും ബെംഗളൂരു, പാലക്കാട്, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ് നടത്തുക. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് പ്രധാന റെയിൽവേ പാതയിലൂടെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക.
ട്രെയിനിൽ ആകെ 20 കോച്ചുകളാണ് ഉണ്ടായിരിക്കുക. ഇതിൽ ഒമ്പത് സ്ലീപ്പർ ക്ലാസ് കോച്ചുകളും ഒമ്പത് ജനറൽ കോച്ചുകളും ഉൾപ്പെടുന്നു. കൂടാതെ രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും ഉണ്ടായിരിക്കും.
ഗണേശ ചതുര്‍ത്ഥി ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ കർണാടകയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് റെയിൽവേ അധിക സർവീസ് ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഈ സർവീസ് അധിക ഓപ്ഷനാകും.
20 കോച്ചുകളുള്ള പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചതോടെ ഉത്സവകാല യാത്രാ തിരക്ക് നിയന്ത്രിക്കുന്നതിനും സാധാരണ ട്രെയിനുകളിലെ സമ്മർദം കുറയ്‌ക്കുന്നതിനും റെയിൽവേയ്‌ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച രാവിലെ ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെത്തുകയും തിങ്കളാഴ്ച ഉച്ചയ്‌ക്ക് മടക്കയാത്ര ആരംഭിക്കുകയും ചെയ്യും.















