സോനമാര്‍ഗ് (ജമ്മു കശ്മീര്‍): സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ കുത്തൊഴുക്കുള്ള നദിയില്‍ എസ്യുവി കുടുങ്ങി. ജമ്മു കശ്മീരിലെ സോനമാര്‍ഗിലാണ് അപകടകരമായ സാഹസികത അരങ്ങേറിയത്. സിന്ധ് നദിയിലേക്ക് മഹീന്ദ്ര സ്‌കോര്‍പിയോ ഓടിച്ചിറക്കിയ യുവാക്കള്‍ വാഹനം ശക്തമായ ഒഴുക്കില്‍ കുടുങ്ങിയതോടെ അപകടത്തിലായി.
സോനമാര്‍ഗിലെ ഹോട്ടല്‍ സിന്ധ് റിസോര്‍ട്‌സിന് സമീപമാണ് സംഭവം. റീല്‍ ചിത്രീകരിക്കാനായി ഡ്രൈവര്‍ മഹീന്ദ്ര സ്‌കോര്‍പിയോ നദിയിലേക്ക് ഇറക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ വാഹനം മുന്നോട്ടുപോകാനാകാതെ നദിയുടെ മധ്യഭാഗത്ത് കുടുങ്ങി. വിവരമറിഞ്ഞ് ജമ്മു കശ്മീര്‍ പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി കരയിലെത്തിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പിന്നീട് സ്‌കോര്‍പിയോയും നദിയില്‍നിന്ന് പുറത്തെടുത്തു.
ശ്രീനഗറിലെ നവാകദല്‍ സ്വദേശി മുഹമ്മദ് ഇബാദ് ഭട്ടാണ് വാഹനം ഓടിച്ചിരുന്നത്. റിയാസി ജില്ലയിലെ മഹോറ സ്വദേശി നസീര്‍ അഹമ്മദ് മുഗളാണ് വാഹനത്തിലുണ്ടായിരുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനായി കുത്തൊഴുക്കുള്ള നദിയിലേക്ക് വാഹനം ഇറക്കിയത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ വാഹനത്തിലുള്ളവരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലയോര നദികളിലും മറ്റ് ജലാശയങ്ങളിലും അപകടകരമായ സ്റ്റണ്ടുകള്‍ നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ശക്തമായ ഒഴുക്കുള്ള നദികളില്‍ ഇത്തരം സാഹസിക പ്രവര്‍ത്തനങ്ങള്‍ നിമിഷങ്ങള്‍ക്കകം വലിയ അപകടമായി മാറാമെന്നും അധികൃതര്‍ വ്യക്തമാക്കി.