പാലക്കാട്: വാളയാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രാജ്യാന്തര ബന്ധമുള്ളതായി സംശയിക്കുന്ന സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്നയാളെ പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശി ഒഡേതര രവി ഭീമ പിടിയിലായത്.
പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത 216 കാര്‍ഡുകളും വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ഇതിന് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പിടിയിലായ പ്രതിയെയും കണ്ടെടുത്ത കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പൊലീസിന് കൈമാറി. കാര്‍ഡുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നും ഇവ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
വാളയാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. മുകേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്‍സ്പെക്ടര്‍ ഹാപ്പി മോന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദേവകുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍ വിപിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.