അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി; ട്യൂഷന്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ട്യൂഷന്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കരുകോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ട്യൂട്ടോറിയല്‍ സ്ഥാപനത്തിലെ അധ്യാപകന്‍ സുഫിയാനെതിരെയാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സമാനമായ മറ്റൊരു പരാതിയും ലഭിച്ചത്. ട്യൂഷന്‍ ക്ലാസിനിടെ പുസ്തകം വായിക്കുമ്പോള്‍ ചില വാക്കുകള്‍ തെറ്റിയതിനെ തുടര്‍ന്നാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

അധ്യാപകനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ‘പൊലീസില്‍ പരാതി കൊടുക്കൂ’ എന്നായിരുന്നു പ്രതികരണമെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് അതേ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ഥിക്കും അധ്യാപകനില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി ലഭിച്ചത്. ഇതോടെ അധ്യാപകനെതിരായ പരാതികള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. നിലവില്‍ സുഫിയാന്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി അഞ്ചല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Share