സിൽവർസ്റ്റോൺ റേസിൽ മുഖ്യമന്ത്രി വിജയ്, അജിത്തിനെ കാണാൻ തൃഷയും; ഒരേ വേദിയിൽ താരങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടൻ: അജിത് കുമാർ പങ്കെടുത്ത മിഷേലിൻ ലെ മാൻസ് കപ്പ് റേസിന് സാക്ഷ്യം വഹിക്കാൻ സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടിലെത്തി നടി തൃഷ കൃഷ്ണൻ. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മത്സരത്തിന്റെ ഔദ്യോഗിക തുടക്കം കുറിച്ച വേദിയിലാണ് തൃഷയും എത്തിയത്. ഇരുവരുടെയും സാന്നിധ്യത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അജിത് കുമാർ പങ്കെടുക്കുന്ന മിഷേലിൻ ലെ മാൻസ് കപ്പ് സിൽവർസ്റ്റോൺ റൗണ്ടിൽ പ്രത്യേക അതിഥിയായാണ് മുഖ്യമന്ത്രി വിജയ് എത്തിയത്. റേസിന് മുന്നോടിയായി വിജയ് അജിത്തിനെ നേരിൽ കാണുകയും അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് മത്സരത്തിന് ഔദ്യോഗികമായി പച്ചക്കൊടി വീശി തുടക്കം കുറിക്കുകയും ചെയ്തു.

സിൽവർസ്റ്റോണിലെത്തിയ തൃഷയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ജീൻസും ടി-ഷർട്ടും മെറൂൺ ജാക്കറ്റും ധരിച്ച് റേസിംഗ് സർക്യൂട്ടിലെത്തുന്ന തൃഷയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മത്സരവേദിയിൽ തൃഷയും വിജയ്‌ക്കൊപ്പം റേസ് കാണുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റേസിന് മുമ്പ് മുതിർന്ന നടി രാധിക ശരത്കുമാറിനൊപ്പമുള്ള തൃഷയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു. രാധികയും ലണ്ടനിലെത്തിയിരുന്നു. അജിത്തിന്റെ റേസുമായി ബന്ധപ്പെട്ട് രാധിക പങ്കുവെച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

2026ലെ മിഷേലിൻ ലെ മാൻസ് കപ്പിലെ അഞ്ചാം റൗണ്ടാണ് സിൽവർസ്റ്റോണിൽ നടന്നത്. അജിത് റെഡ്ആന്റ് ബൈ വിരാജ് ടീമിനായി LMP3 Pro/Am വിഭാഗത്തിലാണ് അജിത് കുമാർ മത്സരിച്ചത്. ഫ്രഞ്ച് താരം റൊമെയ്ൻ വോസ്നിയാക്കിനൊപ്പമായിരുന്നു അജിത്തിന്റെ മത്സരം. മുൻ ഫോർമുല 1 താരം നരേൻ കാർത്തികേയനും ആദിത്യ പട്ടേലും ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും റേസിൽ പങ്കെടുത്തു.

റേസിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ പിന്തുണയ്‌ക്കുന്നതിനായാണ് മുഖ്യമന്ത്രി വിജയ് സിൽവർസ്റ്റോണിലെത്തിയത്. അജിത്തും വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ചയും റേസിന്റെ തുടക്കത്തിൽ വിജയ് പച്ചക്കൊടി വീശിയതും ഇതിനകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

തൃഷ, വിജയ്, അജിത് എന്നിവർ ഒരേ റേസിംഗ് വേദിയിൽ എത്തിയതോടെ സിൽവർസ്റ്റോൺ റേസ് തമിഴ് സിനിമാ ആരാധകർക്കിടയിലും വലിയ ശ്രദ്ധ നേടി.

Share