സാങ്കേതിക തകരാര്‍; ഭോപ്പാല്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച സര്‍വീസ് നടത്തിയ AI1886 വിമാനമാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വഴിതിരിച്ചുവിട്ടത്. വിമാനം ജയ്പൂരില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു. വിമാനം നിലവില്‍ ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ്. എയര്‍ ഇന്ത്യയുടെ സുരക്ഷാ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അപ്രതീക്ഷിതമായി വിമാനം വഴിതിരിച്ചുവിടേണ്ടി വന്നതില്‍ യാത്രക്കാരോട് എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ എത്രയും വേഗം ഡല്‍ഹിയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ജയ്പൂരിലെ ഗ്രൗണ്ട് ടീം യാത്രക്കാര്‍ക്ക് ആവശ്യമായ അടിയന്തര സഹായവും പിന്തുണയും നല്‍കുന്നുണ്ടെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. ഇതിനിടെ, സെപ്റ്റംബര്‍ ഏഴിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് കൊച്ചിയിലേക്ക് തിരിച്ചിറക്കിയിരുന്നു.

Share