കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

ഗുവാഹട്ടി: അസമില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. ഉദല്‍ഗുരി സ്വദേശി അഭിജിത് കിന്‍ഡോ (22) ആണ് സോണിത്പൂര്‍ സ്വദേശിനിയായ മാലിനി ഗുരിയ (23) കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത്. യുവതി തന്നെ വഞ്ചിക്കുകയാണെന്നും മറ്റുചിലരുമായി ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്ന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രംഗിയ റെയില്‍വേ സ്റ്റേഷനിലെത്തിയ മാലിനിയെ സ്വീകരിക്കാന്‍ അഭിജിത് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അഭിജിത് മറ്റൊരു മുറിയിലായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

രാത്രിയില്‍ മാലിനിയുടെ മുറിയിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നത്. പിന്നീട് യുവതിയുടെ സുഹൃത്തുക്കളെ വിവരം അറിയിച്ച പ്രതിയെ രംഗിയ റെയില്‍വേ ഇന്‍സ്‌പെക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഫോറന്‍സിക് സംഘം ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗുവാഹട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Share