ജയ്പൂര്‍: രാജസ്ഥാനിലെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെപിക്ക് വന്‍ മുന്നേറ്റം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,937 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് 1,646 വാര്‍ഡുകളിലാണ് വിജയം നേടാനായത്. ആകെ 10,245 വാര്‍ഡുകളില്‍ 4,690 എണ്ണത്തിന്റെ ഫലമാണ് ഇതുവരെ പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 1,040 വാര്‍ഡുകളില്‍ വിജയിച്ചു. രാഷ്‌ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി 42 സീറ്റുകളും ഭാരത് ആദിവാസി പാര്‍ട്ടി എട്ട് സീറ്റുകളും നേടി. ബിഎസ്പിയും സിപിഐ(എം)യും ആറ് വീതം സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടി.
അല്‍വാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 65 വാര്‍ഡുകളുടെയും ഫലം പ്രഖ്യാപിച്ചു. ബിജെപി 28 സീറ്റുകളിലും കോണ്‍ഗ്രസ് 23 സീറ്റുകളിലും സ്വതന്ത്രര്‍ 13 സീറ്റുകളിലും വിജയിച്ചു. ഒരു സീറ്റ് ബിഎസ്പി നേടി. ഉദയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 80 വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപി ശക്തമായ പ്രകടനം നടത്തി. 53 സീറ്റുകളാണ് ബിജെപി നേടിയത്. കോണ്‍ഗ്രസിന് 23 സീറ്റുകളാണ് ലഭിച്ചത്. അജ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് 37 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 32 സീറ്റുകളില്‍ വിജയിച്ചു.
സവായ് മധോപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപിക്കാണ് വ്യക്തമായ മുന്നേറ്റം. ബിജെപി 33 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 18 സീറ്റുകളും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളും നേടി. രാജസ്ഥാനിലെ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ആദ്യ ഘട്ടവും സെപ്റ്റംബര്‍ 11ന് രണ്ടാം ഘട്ടവും വോട്ടെടുപ്പ് നടന്നു.
10 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 51 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, 248 മുനിസിപ്പാലിറ്റികള്‍ ഉള്‍പ്പെടുന്നതാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തില്‍ 162 തദ്ദേശ സ്ഥാപനങ്ങളിലായി 76.41 ശതമാനവും രണ്ടാം ഘട്ടത്തില്‍ 147 സ്ഥാപനങ്ങളിലായി 71.69 ശതമാനവും പോളിങ് രേഖപ്പെടുത്തി. രണ്ട് ഘട്ടങ്ങളിലുമായി ശരാശരി പോളിങ് 74.05 ശതമാനമായിരുന്നു. വോട്ടെടുപ്പിന് മുമ്പ് 77 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.