യുദ്ധങ്ങളും ഭിന്നതകളുംക്കിടയിലും ഒരുമിപ്പിച്ചു; ‘മോദിയുടെ ഇന്ത്യയുടെ ശക്തമായ കണ്‍വീനിങ് പവര്‍’: ബ്രിക്‌സ് വിജയത്തില്‍ ജയശങ്കര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആഗോളതലത്തിലെ ശക്തമായ ധ്രുവീകരണത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടയിലും ബ്രിക്‌സ് ഉച്ചകോടിയില്‍ സമവായം രൂപപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയുടെ ‘ശക്തമായ കണ്‍വീനിങ് പവര്‍’ ആണ് ഉച്ചകോടിയിലൂടെ പ്രകടമായതെന്നും ജയശങ്കര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വിജയകരമായ സമാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 11 അംഗരാജ്യങ്ങള്‍, 10 പങ്കാളി രാജ്യങ്ങള്‍, നാല് പ്രാദേശിക സംഘടനകള്‍, ഏഴ് അന്താരാഷ്‌ട്ര സംഘടനകള്‍ എന്നിവയില്‍ നിന്നായി 32 പ്രതിനിധി സംഘങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുത്തതായി ജയശങ്കര്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരും ഉച്ചകോടിയില്‍ എത്തിയിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും വിവിധ അന്താരാഷ്‌ട്ര സംഘടനകളുടെ മേധാവികളും പങ്കെടുത്തതായി ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ലോകം കടുത്ത ധ്രുവീകരണം നേരിടുന്ന സാഹചര്യത്തിലാണ് ബ്രിക്‌സ് ഉച്ചകോടി നടന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. രണ്ട് പ്രധാന സംഘര്‍ഷങ്ങളും പരസ്പരവിരുദ്ധമായ താല്‍പര്യങ്ങളും നിലനിന്നിട്ടും പങ്കെടുത്ത രാജ്യങ്ങള്‍ക്കിടയില്‍ സമവായം രൂപപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷം ഉച്ചകോടിയിലെ ഏറ്റവും സങ്കീര്‍ണമായ വിഷയങ്ങളിലൊന്നായിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. വിഷയത്തില്‍ എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്ന തരത്തില്‍ പ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചത് പ്രധാന നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സമാധാനം, സുരക്ഷ, സ്ഥിരത, ദീര്‍ഘകാല ധാരണ എന്നിവയുടെ ആവശ്യകതയാണ് ബ്രിക്‌സ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചതെന്ന് ജയശങ്കര്‍ പറഞ്ഞു. ആഗോള വ്യാപാരം സുഗമമായി തുടരുക, വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കുക, ഊര്‍ജത്തിന്റെ ഒഴുക്ക് ഉറപ്പാക്കുക, സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങള്‍ക്കും ഉച്ചകോടിയില്‍ പ്രാധാന്യം ലഭിച്ചു. സമ്പദ്വ്യവസ്ഥ, വികസനം, സാങ്കേതികവിദ്യ, ഗ്ലോബല്‍ സൗത്തിന്റെ താല്‍പര്യങ്ങള്‍ എന്നിവയായിരുന്നു ഉച്ചകോടിയുടെ പ്രധാന അജണ്ടയെന്ന് ജയശങ്കര്‍ പറഞ്ഞു.

ഗ്ലോബല്‍ സൗത്തിന്റെ വിഷയങ്ങളില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ടതിന്റെ സന്ദേശമാണ് ഉച്ചകോടിയില്‍ നിന്ന് പുറത്തുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക വികസനം, സാങ്കേതികവിദ്യ, വികസന വിഷയങ്ങള്‍ എന്നിവയില്‍ രാജ്യങ്ങളെ ഒരുമിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പങ്കും ഉച്ചകോടി വ്യക്തമാക്കിയതായി ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Share