കുട്ടികളുടെ സുരക്ഷയില്‍ ഇനി വിട്ടുവീഴ്ചയില്ല; നിയമനടപടികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ മെറ്റ സമ്മതിച്ചു, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കുട്ടികളുടെ ലൈംഗിക ചൂഷണവും ഓണ്‍ലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് ഗുരുതര വിഷയങ്ങളും ബന്ധപ്പെട്ട നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ മെറ്റ സമ്മതിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിര്‍ബന്ധിത ഉത്തരവാദിത്വമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ”ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ അടിസ്ഥാന തത്വമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല,” സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള മെറ്റയുടെ തീരുമാനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതുകൊണ്ട് മാത്രം നടപടികള്‍ അവസാനിക്കില്ലെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മെറ്റയില്‍ മാത്രം ചര്‍ച്ചകള്‍ പരിമിതപ്പെടുത്തിയിട്ടില്ല. കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന ഉള്‍പ്പെടെയുള്ള ഹാനികരമായ ഉള്ളടക്കങ്ങള്‍ സ്വമേധയാ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായും കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്.

കുട്ടികളുടെ സുരക്ഷയ്‌ക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന പ്ലാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിലെ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ആരോപണങ്ങളുമായി ബന്ധപ്പെട്ട് മെറ്റ ഇന്ത്യയുടെ പ്രതിനിധികള്‍ സെപ്റ്റംബര്‍ 9ന് എന്‍സിപിസിആറിന് മുന്നില്‍ ഹാജരായിരുന്നു. കുട്ടികളുടെ സുരക്ഷയെ സംബന്ധിച്ച ആരോപണങ്ങളില്‍ വിശദീകരണം തേടി കമ്മിഷന്‍ നേരത്തെ മെറ്റയ്‌ക്ക് നോട്ടീസ് നല്‍കിയിരുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചുള്ള ബിബിസി ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍സിപിസിആര്‍ സ്വമേധയാ നടപടി ആരംഭിച്ചത്. ജൂലൈ മൂന്നിനാണ് കമ്മിഷന്‍ മെറ്റ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡിന് നോട്ടീസ് നല്‍കിയത്. ഒരാഴ്ചയ്‌ക്ക് ശേഷം മെറ്റ കമ്മിഷന് മറുപടി സമര്‍പ്പിച്ചു.

ഇതിനിടെ മെറ്റയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പണമടച്ചുള്ള പരസ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഡല്‍ഹി പൊലീസിനോട് എന്‍എച്ച്ആര്‍സി നിര്‍ദേശിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമപരമായ റിപ്പോര്‍ട്ടിങ് ബാധ്യതകള്‍ മെറ്റയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഹാനികരമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കണ്ടെത്തുന്നതിലും തടയുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും സോഷ്യല്‍ മീഡിയ കമ്പനികള്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച പരിശോധന ഇതോടെ കൂടുതല്‍ ശക്തമാകുകയാണ്.

Share