ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയിക്ക് തിരിച്ചടി; മൂന്ന് ജാവലിനുകള്‍ വിമാനയാത്രയ്‌ക്കിടെ തകര്‍ന്നു

Published by
ജനം വെബ്‌ഡെസ്ക്

കൊളംബോ: ഏഷ്യന്‍ ഗെയിംസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ശ്രീലങ്കന്‍ ജാവലിന്‍ താരം രുമേഷ് പതിരഗെയ്‌ക്ക് അപ്രതീക്ഷിത തിരിച്ചടി. ഹംഗറിയില്‍ നടന്ന വേള്‍ഡ് അത്ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ശ്രീലങ്കയിലേക്ക് മടങ്ങുന്നതിനിടെയാണ് താരത്തിന്റെ മൂന്ന് പ്രധാന ജാവലിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

ഈ സീസണില്‍ 90 മീറ്ററിലധികം ദൂരം പിന്നിട്ട എറിഞ്ഞ മൂന്ന് ജാവലിനുകളാണ് തകര്‍ന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിക്കുന്ന 23കാരനായ പതിരഗെ, ഹംഗേറിയന്‍ കമ്പനിയായ ‘ജാവെല്‍ ഇന്‍’ നിര്‍മിക്കുന്ന പ്രത്യേക നെമെത് ജാവലിനുകളാണ് ഉപയോഗിക്കുന്നത്. ഓരോ ജാവലിനും ഒരു ലക്ഷത്തിലധികം രൂപ വിലവരുന്നതാണ്. 1987ലാണ് കമ്പനി സ്ഥാപിച്ചത്. 2026 സീസണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഡയമണ്ട് ലീഗ് ഫൈനല്‍, വേള്‍ഡ് അത്ലറ്റിക്‌സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് പതിരഗെയുടെ ജാവലിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്.

തകര്‍ന്ന ജാവലിനുകളുടെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും തുര്‍ക്കിഷ് എയര്‍ലൈന്‍സിന് പരാതി നല്‍കുകയും ചെയ്തു. ”90 മീറ്ററിലധികം ദൂരം എറിയാന്‍ ഞാന്‍ ഉപയോഗിച്ച മൂന്ന് ജാവലിനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എയര്‍ലൈനിന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധമായിരിക്കാം. സംഭവിച്ചത് സംഭവിച്ചു. ഇതൊരു വലിയ പ്രശ്‌നമായി കാണുന്നില്ല. ഞാന്‍ മുന്നോട്ട് പോകും,” പതിരഗെ പ്രതികരിച്ചു. ജാവലിന്‍ ത്രോ താരങ്ങള്‍ മത്സരങ്ങള്‍ക്കായി പ്രത്യേക മോഡലുകളോടും ഭാര-ബാലന്‍സ് സവിശേഷതകളോടും ഇണങ്ങിയാണ് പരിശീലനം നടത്തുന്നത്.

അതിനാല്‍ പ്രധാന മത്സരങ്ങള്‍ക്ക് തൊട്ടുമുമ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ജാവലിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പരിശീലനത്തെയും മത്സര തയ്യാറെടുപ്പിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.

Share