വന്താരയുടെ സംരക്ഷണത്തിൽ ആരോഗ്യവതിയായി; 13 മാസത്തിന് ശേഷം മാധുരി വീണ്ടും സ്വന്തം നാട്ടിൽ; കണ്ണീരോടെ വരവേറ്റ് കൊൽഹാപൂർ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഒരു വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ മാധുരി എന്ന മഹാദേവി സ്വന്തം നാട്ടിൽ തിരിച്ചെത്തി. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ആനയാണിത്. അനന്ത് അംബാനിയുടെ ഉടമസ്ഥതയിലുള്ള  ഗുജറാത്ത് ജാംനഗറിലെ വന്താരയിൽ നിന്ന് ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ കൊൽഹാപൂരിലെ നന്ദനി സ്വസ്തിശ്രീ ഭട്ടാരക് പട്ടാചാര്യ മഹാസ്വാമി സംസ്ഥാൻ മഠത്തിലേക്കാണ് ആനയെ തിരിച്ചെത്തിച്ചത് നൂറുകണക്കിന് പേരാണ് പൂക്കളും ആഘോഷങ്ങളുമായി മാധുരിയെ വരവേറ്റത്. പലരുടെയും കണ്ണുകൾ നിറഞ്ഞു.

2025 ജൂലൈ 28-ന് ഹൈപവർഡ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മാധുരിയെ വന്താരയിലേക്ക് മാറ്റിയത്. മാധുരിയെ എവിടെ പാർപ്പിക്കണമെന്നതിനെച്ചൊല്ലിയ പ്രതിഷേധങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, സെപ്റ്റംബർ 9-ന് കമ്മിറ്റിയാണ് തിരിച്ചുകൊണ്ടുവരാൻ അനുമതി നൽകിയത്.

മാധുരിയുടെ ദീർഘയാത്ര കണക്കിലെടുത്ത് വലിയ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെങ്കിലും നാടിന്റെ ആവേശത്തിന് കുറവുണ്ടായില്ല. “ഗ്രാമത്തിൽ ദീപാവലി ആഘോഷിക്കുന്ന പ്രതീതിയായിരുന്നു,” നാട്ടുകാർ പറഞ്ഞു.

മാധുരിക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം നൽകുമെന്ന് മഠം അറിയിച്ചു. ഭക്ഷണം, മരുന്ന്, വ്യായാമം എന്നിവയിൽ വന്താരയുടെ മാർഗനിർദേശം തുടരും. മാധുരിയുടെ ആരോഗ്യവും ക്ഷേമവും സുരക്ഷയും തങ്ങളുടെ പ്രധാന പരിഗണനയാണെന്നും വന്താര വ്യക്തമാക്കി. മാധുരി എവിടെയാണ് താമസിക്കുന്നതെന്നതിനെ ആശ്രയിച്ചല്ല അവളുടെ ക്ഷേമത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയെന്നും വന്താര അറിയിച്ചു.

മാധുരി താമസിക്കാനായി നന്ദനിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വന്താര സഹായിച്ചിട്ടുണ്ടെന്നും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നഗരാസൂത്രണവുമായി ബന്ധപ്പെട്ട അനുമതികൾ തടസ്സമായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, മാധുരിയെ തിരികെ അയച്ചതിനെതിരെ PETA രംഗത്തെത്തി. വന്താരയിലെ ചികിത്സാ സൗകര്യങ്ങളിൽ തന്നെ തുടരേണ്ടതായിരുന്നുവെന്നാണ് സംഘടനയുടെ നിലപാട്.

 

Share