ആലുവയിൽ പ്രവാസി യുവാവിന് നേരെ ക്രൂര ആക്രമണം; വാരിയെല്ലുകൾ തകർത്ത ശേഷം കനാലിലേക്ക് തള്ളിയിട്ടു, പണവും സ്വർണമാലയും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ സ്വദേശി സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സെപ്റ്റംബർ 13ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. കോടനാട് സ്വദേശി ജോഫിൻ ജിജു (28) ആണ് ആക്രമണത്തിനിരയായത്. പ്രതികൾ യുവാവിനെ ക്രൂരമായി മർദിച്ചെന്നാണ് പോലീസ് പറയുന്നത്. തലയ്‌ക്ക് കല്ലെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വാരിയെല്ലുകൾക്ക് പരിക്കേൽപ്പിക്കുകയും തുടർന്ന് കനാലിലേക്ക് ചവിട്ടിയിടുകയുമായിരുന്നു.

ആക്രമണത്തിന് പിന്നാലെ യുവാവിന്റെ പണവും സ്വർണമാലയും കവർന്നതായാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ജോഫിൻ ജിജു കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവം നടന്ന സമയത്ത് സ്ഥലത്ത് ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. ഇതോടെ പ്രതികളെ കണ്ടെത്തുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി. എന്നാൽ ആക്രമണത്തിൽ പരിക്കേറ്റ യുവാവിൽ നിന്ന് ലഭിച്ച വിവരങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും വിവരശേഖരണം നടത്തി.

ഇതിനുപുറമെ രാത്രികാലങ്ങളിൽ പ്രദേശത്ത് സജീവമായിരുന്ന ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടക്കം നൂറോളം പേരെ ചോദ്യം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചതോടെയാണ് കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് നിർണായക സൂചനകൾ ലഭിച്ചത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നും പരിക്കേറ്റ യുവാവിൽനിന്ന് ലഭിച്ച വിവരങ്ങളിൽനിന്നും ലഭിച്ച സൂചനകൾ പരസ്പരം പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.

ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ സാഹചര്യങ്ങൾ, കവർന്ന സ്വർണവും പണവും സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചുവരികയാണ്.

Share