ചെന്നൈ: 20 വർഷത്തെ ദാമ്പത്യജീവിതത്തിന് വീണ്ടും പ്രണയസാക്ഷ്യം നൽകി തമിഴ് താരദമ്പതികളായ സൂര്യയും ജ്യോതികയും. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പള്ളിയിൽ വെച്ചാണ് ഇരുവരും വിവാഹവാഗ്ദാനങ്ങൾ പുതുക്കിയത്.
വെള്ള ഗൗണിൽ വധുവായി ജ്യോതിക പള്ളിയിലെ നടവഴിയിലൂടെ എത്തിയപ്പോൾ കണ്ണുനിറഞ്ഞാണ് സൂര്യ കാത്തുനിന്നത്. ജ്യോതികയുടെ കൈപിടിച്ച് മകൾ ദിയയും ഒപ്പമുണ്ടായിരുന്നു. സൂര്യയുടെ സഹോദരനും നടനുമായ കാർത്തിയും ചടങ്ങിൽ പങ്കെടുത്തു.
“ഇത് ഞങ്ങളുടെ വിവാഹത്തിന്റെ സീക്വൽ” എന്നായിരുന്നു ജ്യോതിക വിശേഷിപ്പിച്ചത്. പരിപൂർണ ദാമ്പത്യത്തിന്റെ ആഘോഷമല്ല, മറിച്ച് അപൂർണതകളും വിട്ടുവീഴ്ചകളും പരസ്പര മനസ്സിലാക്കലും ത്യാഗങ്ങളും നിറഞ്ഞ തങ്ങളുടെ 20 വർഷത്തെ ജീവിതത്തിന്റെ ആഘോഷമാണിതെന്ന് ജ്യോതിക കുറിച്ചു.
ഭർത്താവിനോടുള്ള സൗഹൃദവും പരസ്പര ബഹുമാനവും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യങ്ങളിലൊന്നാണെന്നും ജ്യോതിക വ്യക്തമാക്കി. “അപൂർണരായ ഞങ്ങൾ, പൂർണമായി പരസ്പരം അറിഞ്ഞ് 20 വർഷങ്ങളിലേക്ക്” എന്ന ഹൃദയസ്പർശിയായ വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.
1999ൽ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് സൂര്യയും ജ്യോതികയും ആദ്യമായി പരിചയപ്പെടുന്നത്. ‘കാക്ക കാക്ക’യുടെ ചിത്രീകരണത്തിനിടെ സൗഹൃദം പ്രണയമായി. 2006 സെപ്റ്റംബർ 11ന് ചെന്നൈയിൽ വിവാഹിതരായ ഇരുവർക്കും ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.