കൊച്ചി: സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആരം’ സിനിമയിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. “നറുതിങ്കൾ നീ… നിധിയാണെന്നും, ഒരു തൂവൽ തണലാകും… മൊഴിയാണെന്നും…” എന്ന് തുടങ്ങുന്ന ഗാനം, ചിത്രത്തിലെ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം വരച്ചുകാട്ടുന്നതാണ്.
രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രശസ്ത സംവിധായകൻ ജിസ് ജോയ് വരികളെഴുതിയ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രോഹിത് ഗോപാലകൃഷ്ണനാണ്. ഹരിചരണും ആർത്തി എം.എൻ. അശ്വിനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അർത്ഥസമ്പുഷ്ടമായ വരികളും ഇമ്പമാർന്ന ഈണവും ഹൃദ്യമായ ആലാപനവും ചേർന്ന് ചിത്രത്തിലെ ശ്രദ്ധേയമായ ഗാനമായി ഇത് മാറുന്നു.
ഗാനരംഗത്തിൽ സൈജു കുറുപ്പിനും എറിക്ക് ആദമിനുമാണ് പ്രധാന സാന്നിധ്യം. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആന്റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തീഷ്ണമായ ഔദ്യോഗിക ജീവിതത്തിനിടയിലെ ചില സ്വകാര്യ നിമിഷങ്ങളിലേക്കാണ് ഈ ഗാനരംഗം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.
കുറ്റാന്വേഷണത്തിന്റെ സമ്മർദ്ദങ്ങളും ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളും നിറഞ്ഞ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ലോകത്തിനപ്പുറം, മകനോടുള്ള സ്നേഹവും കരുതലും പങ്കിടുന്ന ഒരു അച്ഛന്റെ മറ്റൊരു മുഖം കൂടിയാണ് ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ കഥാഗതിയിൽ ഈ ഗാനത്തിനും പ്രധാന സ്ഥാനമുണ്ടാകുമെന്നാണ് സൂചന.
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന തികഞ്ഞ ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ് ‘ആരം’. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു., ജയരാജ് വാര്യർ, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ഗോകുലൻ, സുരദി സന്തോഷ്, രമാദേവി, മാസ്റ്റർ എറിക്ക് ആദം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ വിഷ്ണു രാമചന്ദ്രനാണ് ‘ആരം’ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, ജിസ് ജോയ്, ജോപോൾ എന്നിവരാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സംഗീതം രോഹിത് ഗോപാലകൃഷ്ണൻ.
ജെയ്ക്സ് ബിജോയ്സിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചുവരികയായിരുന്ന രോഹിത് ഗോപാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനാകുന്നത് ‘ആരം’ എന്ന ചിത്രത്തിലൂടെയാണ്.
പ്രൊഡക്ഷൻ ഡിസൈൻ ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ മനോജ്, സ്റ്റിൽസ് സിബി ചീരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സൗണ്ട് ഡിസൈൻ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ സിജോ ഡൊമിനിക്, ഡിസൈൻ മാമി ജോ എന്നിവരാണ് അണിയറയിൽ.
ഡിജിറ്റൽ മാർക്കറ്റിംഗ് മാംഗോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ മെഹ്മൂദ് കാലിക്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായണൻ.
ഗുഡ് ഫെല്ലാസ് റിലീസും റോവാൻ എന്റർടെയ്ൻമെന്റും ചേർന്ന് സെപ്റ്റംബറിൽ ചിത്രം പ്രദർശനത്തിനെത്തിക്കും.















