മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് മഹാരാഷ്‌ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) സസ്പെന്‍ഡ് ചെയ്തു. കൊളാബയിലെ മെട്രോ ഹൗസിലുള്ള സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസംഭരണം, താപനില നിയന്ത്രണം, പാചകം, ശുചിത്വം എന്നിവയില്‍ വീഴ്ച കണ്ടെത്തിയത്.
ചൂടുള്ള ഭക്ഷണം 60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡം പാലിച്ചിരുന്നില്ല. തണുത്ത സംഭരണത്തില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനില ഉറപ്പാക്കിയിരുന്നില്ലെന്നും എഫ്ഡിഎ കണ്ടെത്തി. പാചകം ചെയ്ത ഭക്ഷണം വേഗത്തില്‍ തണുപ്പിക്കുന്നതിലും ഭക്ഷണം ഉരുക്കുന്നതിലും വീഴ്ചകളുണ്ടായിരുന്നു. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്തെ ഉപകരണങ്ങള്‍ കൃത്യമായി വൃത്തിയാക്കാത്തതും ഡ്രെയിനേജ്, തറ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കണ്ടെത്തി.
കഫേ മോണ്ടെഗാറിന് പുറമെ മഹാരാഷ്‌ട്ര ബിരിയാണി സെന്റര്‍, ത്രിഭുവന്‍ ഡയറി ഫാം, മഹാവീര്‍ കാഷ്യു ആന്‍ഡ് ഫുഡ്‌സ് എന്നിവയ്‌ക്കെതിരെയും ലൈസന്‍സ് സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെ മുംബൈയില്‍ 38 ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തി 47 സാമ്പിളുകള്‍ ശേഖരിച്ചതായി എഫ്ഡിഎ അറിയിച്ചു. പാല്‍, ഖോയ, നെയ്യ്, മിഠായി തുടങ്ങിയവയുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. സംസ്ഥാനവ്യാപക പരിശോധനയില്‍ 4,138.7 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും മിഠായികളും ഉള്‍പ്പെടെ 15.58 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും എഫ്ഡിഎ വ്യക്തമാക്കി.