തിരുവനന്തപുരം: തിയറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന മേയര്‍ വി.വി. രാജേഷിന്റെ നിര്‍ദേശം തലസ്ഥാനത്തെ തിയറ്റര്‍ ഉടമകള്‍ നടപ്പാക്കി തുടങ്ങി. നഗരത്തിലെ വിവിധ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി കുടിവെള്ളം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയതായാണ് വിവരം. തിയറ്ററുകളുടെ പ്രവേശന കവാടത്തിന് സമീപം ജാറുകളില്‍ കുടിവെള്ളം സജ്ജീകരിച്ചിരിക്കുന്നതിന്റെ ചിത്രവും മേയര്‍ വി.വി. രാജേഷ് ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഒരു തിയറ്ററില്‍ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സുഹൃത്ത് അയച്ചുനല്‍കിയ ചിത്രമാണിതെന്ന് വ്യക്തമാക്കിയാണ് മേയര്‍ ചിത്രം പങ്കുവച്ചത്. തിയറ്ററിന്റെ ഡോറിന് പുറത്ത് ജാറില്‍ കുടിവെള്ളം ലഭ്യമായി തുടങ്ങിയെന്നും എല്ലായിടത്തും ഈ സൗകര്യം എത്തിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഇത്തരം മാറ്റങ്ങള്‍ നടപ്പാകുന്നതില്‍ സന്തോഷമുണ്ടെന്നും മേയര്‍ പറഞ്ഞു. ‘എപ്പോഴും ജനങ്ങള്‍ക്കൊപ്പം’ എന്ന കുറിപ്പോടെയാണ് വി.വി. രാജേഷ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തിയറ്ററുകളിലെത്തുന്നവര്‍ക്ക് സിനിമാ ടിക്കറ്റിനൊപ്പം അടിസ്ഥാന സൗകര്യങ്ങളും സൗകര്യപ്രദമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ കുടിവെള്ളം ഒരുക്കുന്നത്. തലസ്ഥാന നഗരിയിലെ കൂടുതല്‍ തിയറ്ററുകളിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.