അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

Published by
ജനം വെബ്‌ഡെസ്ക്

ലഖ്നൗ: അയോധ്യയില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിനായി 65 ഏക്കര്‍ ഭൂമി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സൗജന്യമായി കൈമാറാന്‍ ഉത്തര്‍പ്രദേശ് മന്ത്രിസഭ അനുമതി നല്‍കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അയോധ്യയിലെ മില്‍കിപൂര്‍ തഹസീലിലെ പുരേ ലാല്‍ഖാന്‍ ഗ്രാമത്തിലുള്ള 26 ഹെക്ടര്‍ (ഏകദേശം 65 ഏക്കര്‍) തരിശുഭൂമിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുക. ഭൂമിയുടെ വിപണി മൂല്യം ഏകദേശം 16.90 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മാണവും പ്രാണപ്രതിഷ്ഠയും പൂര്‍ത്തിയായതിന് പിന്നാലെ അയോധ്യ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രധാന സാംസ്‌കാരിക, മത, തന്ത്രപ്രധാന കേന്ദ്രമായി മാറിയെന്ന് ധനകാര്യ-പാര്‍ലമെന്ററി കാര്യ മന്ത്രി സുരേഷ് ഖന്ന പറഞ്ഞു. രാജ്യത്തിനകത്തും വിദേശത്തുനിന്നുമായി നിരവധി തീര്‍ഥാടകരും വിനോദസഞ്ചാരികളും വിശിഷ്ടാതിഥികളും നഗരത്തിലെത്തുന്ന സാഹചര്യത്തില്‍ സുരക്ഷാ ആവശ്യകതയും വര്‍ധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ എന്‍എസ്ജിയുടെ സ്ഥിരം സാന്നിധ്യം ഉറപ്പാക്കുന്നതിനായി റീജിയണല്‍ സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. രാമക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ പ്രതികരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കൈമാറുന്ന ഭൂമി എന്‍എസ്ജി റീജിയണല്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ദിഷ്ട ആവശ്യത്തിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭൂമി ഉപയോഗിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ പിന്നീട് അതിന്റെ ആവശ്യം ഇല്ലാതായാല്‍ ഭൂമി ഉത്തര്‍പ്രദേശ് റവന്യൂ വകുപ്പിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share