ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശാ വര്‍ക്കര്‍മാരുടെ നിശ്ചിത പ്രതിമാസ ഇന്‍സെന്റീവ് 3,000 രൂപയില്‍ നിന്ന് 6,000 രൂപയായി ഇരട്ടിയാക്കി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡല്‍ഹിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന 6,725 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രാഥമിക ആരോഗ്യ സംവിധാനത്തിലെ പ്രധാന കണ്ണിയാണ് ആശാ വര്‍ക്കര്‍മാരെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
വീടുകളിലെത്തി ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കുക, വാക്‌സിനേഷനെക്കുറിച്ച് കുടുംബങ്ങളെ ബോധവല്‍ക്കരിക്കുക, ഗര്‍ഭിണികള്‍ക്കും നവമാതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ സേവനങ്ങളുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒരു ആശാ വര്‍ക്കര്‍ സാധാരണയായി ഏകദേശം 2,000 പേരുമായോ 400 കുടുംബങ്ങളുമായോ ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ചത് അവരുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരത്തിനൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസസൗകര്യം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗകര്യം ലഭിക്കുന്ന തരത്തിലായിരിക്കും ഹോസ്റ്റലുകള്‍ ഒരുക്കുക. ഡല്‍ഹി സര്‍ക്കാരിന്റെ ചില സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഹോസ്റ്റല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം പുരോഗമിക്കുന്നുണ്ടെന്ന് രേഖ ഗുപ്ത പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികളുടെ ആവശ്യകത കണക്കിലെടുത്ത് പദ്ധതിയുടെ പരിധി വിപുലീകരിക്കും.
ഹോസ്റ്റല്‍ നിര്‍മാണത്തിന് മതിയായ സ്ഥലമുള്ള കോളേജുകളെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ സര്‍വേ നടത്തും. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയ ശേഷം നിര്‍മാണ നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥി താമസസൗകര്യങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.