വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അനുവദനീയ അളവിൽ കൂടുതൽ മദ്യം കൈവശം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അബ്കാരി നിയമപ്രകാരമാണ് നടപടി. ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയ്‌ക്കിടെയാണ് വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ മദ്യശേഖരം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് എക്സൈസ് നടപടി.

എസ്ഐടിയുടെ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം മദ്യശേഖരം പിടിച്ചെടുത്തത്. തുടർന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുന്നതിനായി എക്സൈസ് സംഘം കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ഓഫീസിലെത്തി. എഫ്ഐആർ പകർപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് നടപടിക്രമങ്ങൾ സംബന്ധിച്ച് തർക്കമുണ്ടായതായും പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയ ശേഷമാണ് ആന്റോ അറസ്റ്റ് നടപടികളോട് സഹകരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

വയനാട്ടിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യശേഖരം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വിദേശ വൈനും 13 ലിറ്റർ വീട്ടിൽ നിർമിച്ച വൈനും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട് . കൂടാതെ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും മറ്റൊരു മുറിയിൽനിന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ അന്തിമ അളവ് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും വ്യക്തമാകുക.

അറസ്റ്റിനിടെ വീട്ടിൽ മദ്യം സൂക്ഷിച്ചതിന്റെ കാരണം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ആന്റോ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകൾ. അറസ്റ്റിന് പിന്നാലെ വൈദ്യപരിശോധനയ്‌ക്കായി അദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ഇതിനിടെ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ഓഫീസ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ എസ്ഐടി നടത്തിയ പരിശോധനയും പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറുമണിയോടെ ആരംഭിച്ച പരിശോധന വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയാണ് അവസാനിച്ചത്. ഏകദേശം 20 മണിക്കൂർ നീണ്ട പരിശോധനയിൽ മെമ്മറി കാർഡുകൾ ഉൾപ്പെടെയുള്ള രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പോലീസ് പരിശോധന. റെയ്ഡിൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എസ്ഐടി മേധാവി നൽകുമെന്നും എസിപി അറിയിച്ചു. റെയ്ഡിനിടെ സ്വകാര്യ സംഭാഷണം നടത്തരുതെന്ന് മാത്രമാണ് നിർദേശം നൽകിയതെന്നും ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും പരിശോധന നടന്നത്. ആന്റോയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന മാർക്കറ്റിങ് കമ്പനിയായ ഗോട് ആഡിലും പരിശോധന നടന്നതായി റിപ്പോർട്ടുകളുണ്ട്. മെസ്സി കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിലാണ് ഈ പരിശോധനകൾ നടന്നത്.

അതേസമയം, മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ പുരോഗമിക്കുകയാണ്. അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Share