ന്യൂഡൽഹി: മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വിതരണം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാക്കാനുള്ള നിർദേശമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്.
ഡ്രഗ്സ് റൂൾസ്, 1945 ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായാണ് നിർദേശം. സെപ്റ്റംബർ എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് നിലവിൽ കരട് നിർദേശം മാത്രമാണ്. അന്തിമ ചട്ടമായി പ്രാബല്യത്തിൽ വന്നിട്ടില്ല.
രണ്ട് കാര്യങ്ങൾ നിർബന്ധമാക്കും
ചട്ടം പ്രാബല്യത്തിൽ വന്നാൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മരുന്നുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ സിസിടിവി സംവിധാനം സ്ഥാപിക്കേണ്ടിവരും. കൂടാതെ ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കുകയും വേണം.
കരട് ചട്ടത്തിൽ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നുമുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങൾ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാകുക.