മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് എൻ. ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അഞ്ച് വർഷം കൂടി നീട്ടി നൽകാൻ ടാറ്റ സൺസ് ബോർഡ് അംഗീകാരം നൽകുകയായിരുന്നു. ഇതോടെ 2032 വരെ അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനായി തുടരും.
വ്യാഴാഴ്ച ചേർന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് നിർണായക തീരുമാനം. കാലാവധി പൂർത്തിയാകുന്നതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്ന് ചന്ദ്രശേഖരൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള ചർച്ചകൾക്ക് വഴിതുറന്നിരുന്നു. എന്നാൽ പിന്നീട് സാഹചര്യം മാറുകയായിരുന്നു.
ടാറ്റ സൺസ് ഓഹരി വിപണിയിലെത്തും?
ചെയർമാന്റെ കാലാവധി സംബന്ധിച്ച തീരുമാനത്തിനൊപ്പം ടാറ്റ സൺസിന്റെ പബ്ലിക് ലിസ്റ്റിംഗിനും ബോർഡ് അംഗീകാരം നൽകിയതായി റിപ്പോർട്ടുകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ടാറ്റ സൺസിന് ലിസ്റ്റിംഗിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലുണ്ട്. നേരത്തെ ടാറ്റ സൺസിനെ നിലവിലെ നിയന്ത്രണ ചട്ടക്കൂടിൽ നിന്ന് ഒഴിവാക്കണമെന്ന കമ്പനിയുടെ അപേക്ഷ ആർബിഐ തള്ളിയിരുന്നു.
ഇതോടെ കമ്പനിയെ ഓഹരി വിപണിയിലെത്തിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ശക്തമായി. ടാറ്റ സൺസിന്റെ ലിസ്റ്റിംഗ് സംബന്ധിച്ച തീരുമാനത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയ്‌ക്ക് വ്യത്യസ്ത നിലപാടാണുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
നോയൽ ടാറ്റയുടെ എതിർപ്പ്
ചന്ദ്രശേഖരന്റെ പുനർനിയമനത്തെയും ടാറ്റ സൺസിന്റെ ലിസ്റ്റിംഗിനെയും നോയൽ ടാറ്റ എതിർത്തതായി ചില റിപ്പോർട്ടുകൾ പറയുന്നു. ബോർഡിലെ വോട്ടെടുപ്പിൽ അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.