ന്യൂഡല്‍ഹി: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 52 ആയി ഉയര്‍ന്നു. രാജ്യത്ത് ചീറ്റകളെ പുനരവതരിപ്പിച്ച് നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പുതിയ കണക്ക് പുറത്തുവന്നത്. ആഫ്രിക്കയില്‍നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിച്ച് നടത്തിയ പദ്ധതി ലോകത്തിലെ ആദ്യത്തെ ഭൂഖണ്ഡാന്തര വലിയ വന്യമാംസഭോജി ജീവി പുനരധിവാസ പദ്ധതിയായിരുന്നു. നമീബിയ, ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന എന്നിവിടങ്ങളില്‍നിന്നാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ‘ഫോര്‍ ഇയേഴ്‌സ് ഓഫ് ചീറ്റാസ് ഇന്‍ ഇന്ത്യ’ എന്ന പേരില്‍ പുറത്തിറക്കിയ സ്ഥിതിവിവര അവലോകനമനുസരിച്ച്, 2022 സെപ്റ്റംബര്‍ 17 മുതല്‍ 2026 സെപ്റ്റംബര്‍ 17 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 32 ചീറ്റക്കുഞ്ഞുങ്ങള്‍ ജനിച്ചു.
നിലവില്‍ 49 ചീറ്റകള്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലും മൂന്ന് ചീറ്റകള്‍ ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും എത്തിയ ചീറ്റകളുടെ പിന്മുറക്കാരും ബോട്‌സ്വാനയില്‍നിന്ന് പുതുതായി എത്തിച്ച ചീറ്റകളുമാണ് നിലവിലെ ജനസംഖ്യയിലുള്ളത്. 2023 ഫെബ്രുവരി 18ന് ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച 12 ചീറ്റകളില്‍ എട്ടെണ്ണം നിലവില്‍ ജീവിച്ചിരിപ്പുണ്ട്. ഇവയില്‍നിന്ന് ഇന്ത്യയില്‍ ജനിച്ച 10 കുഞ്ഞുങ്ങളും ഉള്‍പ്പെടെ ദക്ഷിണാഫ്രിക്കന്‍ വംശപരമ്പരയിലുള്ള ചീറ്റകളുടെ എണ്ണം 18 ആയി.
ഇതില്‍ 15 എണ്ണം കുനോ ദേശീയോദ്യാനത്തിലും മൂന്നെണ്ണം ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ചീറ്റകളുടെ പ്രജനനത്തില്‍ പ്രായപൂര്‍ത്തിയായ പെണ്‍ചീറ്റകള്‍ സ്ഥാപിതമായതും രണ്ടാം തലമുറയിലെ കുഞ്ഞുങ്ങള്‍ അതിജീവിച്ചതും പദ്ധതി നിര്‍ണായകമായ ഏകീകരണ ഘട്ടത്തിലേക്ക് കടന്നതിന്റെ സൂചനയാണെന്ന് കുനോ ദേശീയോദ്യാനം അറിയിച്ചു. 2022 സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍നിന്നുള്ള എട്ട് ചീറ്റകളെ കുനോയില്‍ എത്തിച്ച് പദ്ധതി ആരംഭിച്ചത്. തുടര്‍ന്ന് 2023ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും 2026ല്‍ ബോട്‌സ്വാനയില്‍നിന്നും ചീറ്റകളെ എത്തിച്ചു.