വിവാഹത്തിന് ഒരു മാസം മാത്രം; ‘അടിയന്തര മീറ്റിംഗ്’ പറഞ്ഞ് വീട്ടിൽനിന്നിറങ്ങി, യുവാവിനെ മുൻ സഹപ്രവർത്തകയും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: വിവാഹത്തിന് ഒരു മാസം മാത്രം ശേഷിക്കെ 31കാരൻ കൊല്ലപ്പെട്ടു. ഡൽഹി ലജ്പത് നഗറിൽ  സഹോദരിമാർക്കൊപ്പം ഷെർവാണി വാങ്ങാനെത്തിയ യുവരാജ് സിംഗ് മഞ്ചന്ദ ഗുരുഗ്രാമിൽ മുൻ സഹപ്രവർത്തകയെ കാണാനുണ്ടെന്ന് പറഞ്ഞാണ് സെപ്റ്റംബർ ആറിന് റസ്റ്റോറന്റിൽനിന്ന് പോയത്. പിന്നീട് യുവാവിനെ കാണാതാവുകയായിരുന്നു.

വൈകിട്ട് ഏഴോടെ കുടുംബവുമായി ഫോണിൽ സംസാരിച്ച യുവരാജ് രാത്രി പത്തോടെ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ എട്ടിന് വൈകിട്ട് 4.16ഓടെ അവസാന വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയി. രണ്ട് ദിവസമായിട്ടും തിരിച്ചെത്താതതിനെ തുടർന്ന് സെപ്റ്റംബർ 11ന് കുടുംബം ലജ്പത് നഗർ പൊലീസിൽ പരാതി നൽകി.

അതേസമയം, സെപ്റ്റംബർ 10ന് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും കുടുംബത്തെ അറിയിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സെപ്റ്റംബർ 14ന് മൃതദേഹം സംസ്കരിച്ചെന്നും രണ്ട് ദിവസത്തിന് ശേഷമാണ് മരണവിവരം കുടുംബത്തെ അറിയിച്ചതെന്നും അവർ പറയുന്നു.

അന്വേഷണത്തിൽ യുവരാജിന്റെ അവസാനം വിളിച്ചത് മുൻ സഹപ്രവർത്തകയെ ആയിരുന്നു എന്ന് കണ്ടെത്തി. ഇവർ ഉത്തരാഖണ്ഡിൽനിന്ന് അറസ്റ്റിലായി. ഇവരുടെ  പങ്കാളിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ഇരുവരും യുവരാജിനെ കൊലപ്പെടുത്തി ഗുരുഗ്രാമിലെ വീടിന് സമീപത്തെ ഓടയിൽ മൃതദേഹം ഉപേക്ഷിച്ചതായി മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Share