റോക്ക്ഹാംപ്ടണ്‍: ഏകദേശം 500ഓളം ഉപ്പുവെള്ള മുതലകള്‍ (സാള്‍ട്ടീസ്) വസിക്കുന്ന ഫിറ്റ്സ്റോയ് നദിയില്‍ 2032 ബ്രിസ്ബെയ്ന്‍ ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ നടത്താന്‍ അനുമതി. ക്വീന്‍സ്ലാന്‍ഡിലെ റോക്ക്ഹാംപ്ടണിലുള്ള നദിയിലെ റോയിങ്, കനോയിങ് മത്സരവേദി സ്വതന്ത്ര സാങ്കേതിക പരിശോധനയില്‍ യോഗ്യമാണെന്ന് കണ്ടെത്തിയതോടെയാണ് വേദിക്ക് അംഗീകാരം ലഭിച്ചത്. ഗെയിംസ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ അതോറിറ്റി നിയോഗിച്ച സംഘമാണ് സാങ്കേതിക വിലയിരുത്തല്‍ നടത്തിയത്. എന്നാല്‍ നദിയിലെ മുതലകളുടെ സാന്നിധ്യം പരിശോധനയുടെ ഭാഗമായിരുന്നില്ല. വിവിധ കാലാവസ്ഥാ സാഹചര്യങ്ങള്‍, ജലനിരപ്പ്, വെള്ളപ്പൊക്ക സാധ്യത, മത്സരകാലത്തെയും അതിന് മുന്നോടിയായുള്ള കാലയളവിലെയും നദിയുടെ പ്രകടനം എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്.
ഫിറ്റ്സ്റോയ് റിവര്‍ ഫ്‌ലാറ്റ്വാട്ടര്‍ ഫെസിലിറ്റി നിലവില്‍ തന്നെ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വേദിയാണ്. സ്‌കൂള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകള്‍, പ്രാദേശിക റോയിങ് മത്സരങ്ങള്‍, ദേശീയ ടീമുകളുടെ പരിശീലന ക്യാമ്പുകള്‍ എന്നിവ ഇവിടെ നടക്കാറുണ്ട്. മുതലകളെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മുതലകളെ കണ്ടെത്തുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ക്കായി അടിയന്തര നടപടിക്രമങ്ങള്‍ നിലവിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വേള്‍ഡ് റോയിങ്ങും പാഡില്‍ വേള്‍ഡ്വൈഡും വേദിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തില്‍ ഗെയിംസ് കാലയളവില്‍ ഫിറ്റ്സ്റോയ് നദിയില്‍ ന്യായമായ മത്സര സാഹചര്യം ഉറപ്പാക്കാനാകുമെന്ന് വേള്‍ഡ് റോയിങ് പ്രസിഡന്റ് ജീന്‍-ക്രിസ്റ്റോഫ് റോളണ്ട് പറഞ്ഞു.
കനോയിങ് മത്സരങ്ങള്‍ക്കും വേദി അനുയോജ്യമാണെന്ന ആത്മവിശ്വാസമുണ്ടെന്ന് പാഡില്‍ വേള്‍ഡ്വൈഡ് പ്രസിഡന്റ് തോമസ് കൊനിയറ്റ്സ്‌കോയും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വേദിയെച്ചൊല്ലിയുള്ള മുതല ഭീതിയെ ബ്രിസ്ബെയ്ന്‍ 2032 പ്രസിഡന്റ് ആന്‍ഡ്രൂ ലിവറിസ് തള്ളിക്കളഞ്ഞിരുന്നു. സമുദ്രത്തില്‍ സ്രാവുകളുണ്ടെങ്കിലും സര്‍ഫിങ് നടക്കുന്നതുപോലെ, ഈ വിഷയത്തെ ‘കഴിയും’ എന്ന സമീപനത്തോടെ കാണണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ മൂന്ന് ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ നേടിയ മുന്‍ ഓസ്ട്രേലിയന്‍ റോയിങ് താരം ഡ്രൂ ജിന്നിന് ഇപ്പോഴും ആശങ്കകളുണ്ട്. വെള്ളപ്പൊക്ക സാധ്യത, മത്സരത്തിലെ നീതിയും സമഗ്രതയും, ബ്രിസ്ബെയ്നില്‍നിന്ന് ആറ്-ഏഴ് മണിക്കൂര്‍ അകലെയുള്ള റോക്ക്ഹാംപ്ടണിലേക്ക് വേദികള്‍ വ്യാപിപ്പിക്കുന്നത് താരങ്ങളുടെയും കാണികളുടെയും ഒളിമ്പിക് അനുഭവത്തെ ബാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ജിന്ന് ചൂണ്ടിക്കാട്ടിയത്.
മുതലകളെക്കുറിച്ച് വ്യക്തിപരമായി ഭയമില്ലെങ്കിലും, മത്സരം സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ തീരുമാനിക്കപ്പെടുന്ന സാഹചര്യത്തില്‍ പാതകള്‍ക്കിടയിലെ ജലപ്രവാഹത്തിലോ സാഹചര്യങ്ങളിലോ വ്യത്യാസം മത്സരഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും ജിന്ന് പറഞ്ഞു. ‘സാള്‍ട്ടീസ്’ എന്നറിയപ്പെടുന്ന ഉപ്പുവെള്ള മുതലകള്‍ ശുദ്ധജലത്തിലും കടല്‍ജലത്തിലും ജീവിക്കുന്നവയാണ്. ഇവയ്‌ക്ക് ആറ് മീറ്ററിലധികം നീളം വയ്‌ക്കാന്‍ കഴിയും.