ഐഡി കാര്‍ഡ് കയ്യില്‍, സിസ്റ്റത്തില്‍ പേരില്ല; ഒരേ മുറിയില്‍ മൂന്ന് പേര്‍! നാഗോയിയിലെത്തിയ ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

Published by
ജനം വെബ്‌ഡെസ്ക്

നാഗോയി: ഐച്ചി-നാഗോയി ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി താരങ്ങളുടെ താമസവും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നേരിട്ടതായി റിപ്പോര്‍ട്ട്. ജപ്പാനിലെത്തിയ ഇന്ത്യന്‍ എംഎംഎ താരം വരുണ്‍ സന്യാല്‍ നാഗോയിയിലെ സാഹചര്യത്തെ ‘പൂര്‍ണമായ ആശയക്കുഴപ്പം’ എന്നാണ് വിശേഷിപ്പിച്ചത്. ഔദ്യോഗിക ഐഡി കാര്‍ഡ് ലഭിച്ചിരുന്നെങ്കിലും സിസ്റ്റത്തില്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് വരുണ്‍ സന്യാലിന്റെ ആരോപണം. ഒരേ മുറിയില്‍ താനടക്കം മൂന്ന് പേരെ താമസിപ്പിച്ചതായും താരം അവകാശപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് താരം പങ്കുവച്ച വീഡിയോ പിന്നീട് നീക്കം ചെയ്തു.

നേരത്തെ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ ‘ഏഴ് മണിക്കൂറായി കാത്തിരിക്കുകയാണ്’ എന്നും വരുണ്‍ സന്യാല്‍ പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ താരങ്ങള്‍ക്കും സമാനമായ ബുദ്ധിമുട്ടുകള്‍ നേരിട്ടതായും അദ്ദേഹം അവകാശപ്പെട്ടു. തായ്ലന്‍ഡിന്റെ സെപാക് തക്രോ ടീമിനും ഇന്ത്യയുടെ ഷൂട്ടിങ് സംഘത്തിനും നാഗോയിയിലെത്തിയ ശേഷം സമാനമായ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. താരങ്ങളുടെ രജിസ്‌ട്രേഷന്‍, താമസ സൗകര്യം, എത്തിച്ചേരുന്നതിനുശേഷമുള്ള നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ആശയക്കുഴപ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സെപ്റ്റംബര്‍ 19നാണ് ഐച്ചി-നാഗോയി ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് താരങ്ങളുടെ വരവുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്തുവരുന്നത്.

Share