‘വീട് എന്റേതല്ല, 2022ല്‍ ബാങ്ക് ലേലം ചെയ്തു എന്ന് വാദം’; മദ്യക്കേസില്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയില്‍

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: വയനാട് വാഴവറ്റയിലെ വീട്ടില്‍ അനുവദനീയമായതിലും അധികം മദ്യം സൂക്ഷിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിച്ചു. കേസില്‍ എക്‌സൈസിന്റെ മറുപടി തേടിയ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാഴവറ്റയിലെ വീട്ടില്‍നിന്ന് 43.850 ലിറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും ഉള്‍പ്പെടെയുള്ള മദ്യശേഖരം പിടികൂടിയതിനെ തുടര്‍ന്നാണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതിന് പിന്നാലെ സെപ്റ്റംബര്‍ 17ന് എറണാകുളത്തെ റിപ്പോര്‍ട്ടര്‍ ടി.വി ഓഫീസില്‍നിന്ന് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നാണ് ജാമ്യാപേക്ഷയില്‍ ആന്റോ അഗസ്റ്റിന്‍ പ്രധാനമായും വാദിക്കുന്നത്. 2022ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ഫാസി നിയമപ്രകാരം ലേലം ചെയ്ത വസ്തു രണ്ട് കോടി രൂപയ്‌ക്ക് ലില്ലി ജോസ് എന്ന വ്യക്തിക്ക് ലഭിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ നാല് വര്‍ഷമായി വസ്തുവിന്റെ ഉടമസ്ഥതയോ കൈവശാവകാശമോ തനിക്കില്ലെന്നും ആന്റോ വാദിക്കുന്നു. റെയ്ഡ് നടന്ന സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മദ്യം വില്‍ക്കുകയോ വില്‍പ്പനയ്‌ക്കായി സൂക്ഷിക്കുകയോ ചെയ്തതിന് തെളിവുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം കൈവശംവെച്ചെന്ന ആരോപണം മാത്രമാണ് നിലനില്‍ക്കുന്നതെന്നും, റെയ്ഡിലും അറസ്റ്റിലും ആവശ്യമായ നിയമനടപടികള്‍ പാലിച്ചിട്ടില്ലെന്നും ആന്റോയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതിനാല്‍ തുടര്‍ കസ്റ്റഡി ആവശ്യമില്ലെന്നും പിടിച്ചെടുത്ത തെളിവുകള്‍ എക്‌സൈസ് കസ്റ്റഡിയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് വ്യവസ്ഥകളും പാലിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.

അതേസമയം, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമായതിനാല്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കാമെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ മജിസ്ട്രേറ്റ് കോടതിയില്‍ വാദിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു.

Share