അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

Published by
ജനം വെബ്‌ഡെസ്ക്

ഹോംസ്: യുദ്ധഭീതിയിൽ 15 വർഷം വീട്ടിലെ രഹസ്യമതിലിനുള്ളിൽ ഒളിപ്പിച്ച സ്വകാര്യ ലൈബ്രറി തിരിച്ചുപിടിച്ച് സിറിയൻ പൗരൻ അബു ബിലാൽ. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടർന്ന് 2011–12 കാലഘട്ടത്തിലാണ് പുസ്തകങ്ങളും മറ്റ് വിലപ്പെട്ട വസ്തുക്കളും വീടിന്റെ മതിലിനുള്ളിൽ സുരക്ഷിതമായി ഒളിപ്പിച്ച ശേഷം അദ്ദേഹം കുവൈറ്റിലേക്ക് പോയത്. പിന്നീട് സിറിയയിലേക്ക് മടങ്ങിയെത്തിയ അബു ബിലാൽ വർഷങ്ങൾക്കുശേഷം തന്റെ പുസ്തകശേഖരം കണ്ടെത്തുകയായിരുന്നു. 2024ൽ ബാഷർ അൽ അസദ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് അബു ബിലാൽ ഹോംസിലേക്ക് തിരിച്ചെത്തിയത്.

 അബു ബിലാലിന്റെ മകൻ ബിലാൽ അല്ലൂനാണ് ഈ അപൂർവ നിമിഷം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “ദൈവത്തിന് നന്ദി, ഇതുവരെ എല്ലാം സുരക്ഷിതമാണ്. കുറച്ച് പൊടി മാത്രമുണ്ട്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുസ്തകങ്ങൾക്കൊപ്പം മതിലിനുള്ളിൽ പണം കൂടി സൂക്ഷിച്ചിരുന്നതായി പിന്നീട് കണ്ടെത്തി.

അസദ് ഭരണകാലത്ത് സിറിയയിൽ വായനയിലും പ്രസിദ്ധീകരണത്തിലും കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു.  അസദ് ഭരണത്തിന്റെ പതനത്തിന് പിന്നാലെ നേരത്തെ നിയന്ത്രിക്കപ്പെട്ടിരുന്ന ചില പുസ്തകങ്ങൾ ഡമാസ്കസിലെ പുസ്തകശാലകളിലും തെരുവോര വിൽപ്പനകേന്ദ്രങ്ങളിലും വീണ്ടും പ്രത്യക്ഷപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

Share