ആലപ്പുഴ: തമിഴ്നാട് കോർപറേഷൻ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് 2.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണ്ണഞ്ചേരി സ്വദേശിനിയായ ഗൗരിനന്ദ (24) ഉൾപ്പെട്ട അപകടക്കേസിലാണ് ആലപ്പുഴ എംഎസി ട്രൈബ്യൂണലിന്റെ വിധി. നഷ്ടപരിഹാരം തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് നൽകേണ്ടത്.
2023 നവംബർ 11നാണ് കേസിനാസ്പദമായ അപകടം നടന്നത്. അന്ന് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എംഎസ്സി ഫിസിക്സ് വിദ്യാർഥിനിയായിരുന്നു ഗൗരിനന്ദ. പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ വാണിയമ്പാടി ചെട്ടിയപ്പനൂർ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. ഗൗരിനന്ദ യാത്ര ചെയ്തിരുന്ന ബസിലേക്ക് തമിഴ്നാട് കോർപറേഷന്റെ ബസ് നിയന്ത്രണംവിട്ട് ഡിവൈഡർ മറികടന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ നാല് പേർ മരിക്കുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഗൗരിനന്ദയെ വെല്ലൂർ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സിച്ചു. എന്നാൽ അപകടത്തെ തുടർന്ന് അരക്കുതാഴെ തളർന്ന് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയുടെ ചികിത്സയും തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ആലപ്പുഴ എംഎസി ട്രൈബ്യൂണൽ 2.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
വിദ്യാർഥിനിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച പരുക്കിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നഷ്ടപരിഹാര വിധി വന്നിരിക്കുന്നത്. തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷനാണ് ട്രൈബ്യൂണൽ വിധിപ്രകാരം നഷ്ടപരിഹാരം നൽകേണ്ടത്.