തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ച് വയസുകാരനെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോട്ടുകാൽക്കോണം സ്വദേശികളായ ദിലീപ്–ശ്രുതി ദമ്പതികളുടെ മകൻ ദീപക്കിനെയാണ് ഇന്നലെ വൈകിട്ട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയെ കാണാനില്ലെന്ന് ഉച്ചയോടെ രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയ്‌ക്കിടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നെയ്യാറ്റിൻകരയിൽനിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം ഇന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടക്കും. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കില്ലറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കുട്ടിയെ കണ്ടെത്തിയ കിണറ്റിലെ വെള്ളവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും അന്വേഷണവും നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് ഇപ്പോൾ അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.















