വാരണാസി: തലയ്‌ക്ക് 30 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബൃജേഷ് ഗഞ്ചു ഉത്തർപ്രദേശിലെ വാരണാസിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് രാമ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലങ്കാ മൈതാനത്തിന് സമീപം ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
ബൃജേഷ് ഗഞ്ചു എന്നറിയപ്പെടുന്ന ഗോപാൽ സിങ് ഭോക്ത ഝാർഖണ്ഡിലെ നിരോധിത നക്സൽ സംഘടനയായ തൃതീയ പ്രസ്തുതി കമ്മിറ്റി (TPC)യുടെ കമാൻഡറായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഝാർഖണ്ഡിലെ ചത്ര ജില്ല സ്വദേശിയായ ഇയാൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ടായിരുന്നുവെന്നും ദേശീയ അന്വേഷണ ഏജൻസി (NIA) ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇയാളെ തിരഞ്ഞിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച്, ബൃജേഷ് ഗഞ്ചു ഒരു കൂട്ടാളിക്കൊപ്പം മോട്ടോർസൈക്കിളിൽ ടെംഗ്രാ മോഡിൽ നിന്ന് മുഗൾസരായിയിലേക്ക് പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ യുപി എടിഎസും രാമ്നഗർ പൊലീസും ഇയാളെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ ഇയാൾ നിർത്താതെ വാഹനത്തിൽ നിന്ന് ഇറങ്ങി പൊലീസിന് നേരെ വെടിയുതിർത്തുവെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിൽ ബൃജേഷ് ഗഞ്ചുവിന് പരുക്കേറ്റു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏറ്റുമുട്ടലിനിടെ ബൃജേഷ് ഗഞ്ചു നടത്തിയ വെടിവയ്പ്പിൽ യുപി എടിഎസ് ഡെപ്യൂട്ടി എസ്.പി. വിപിൻ റായ്, ഹെഡ് കോൺസ്റ്റബിൾ നിതേന്ദ്ര കൃഷ്ണ എന്നിവരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വെടിയുണ്ടകൾ പതിച്ചതായും പൊലീസ് അറിയിച്ചു. ഇരുവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ബൃജേഷ് ഗഞ്ചുവിനെ പിടികൂടുന്നതിനായി ഝാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും എൻഐഎ അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ 30 ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്.
ഏറ്റുമുട്ടലിന് പിന്നാലെ സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. വെടിവയ്പ്പുമായി ബന്ധപ്പെട്ട തെളിവുകളും മറ്റ് സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചുവരികയാണ്.