19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം

Published by
ജനം വെബ്‌ഡെസ്ക്

കാകാമിഗഹാര: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ 19-0ന് തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ക്യാമ്പയിന് തുടക്കമിട്ടു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യയ്‌ക്ക് മുന്നില്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രതിരോധത്തിന് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല. ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നില്‍ മുന്നേറ്റനിര താരം ദീപികയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഒറ്റയ്‌ക്ക് എട്ട് ഗോളുകളാണ് ദീപിക നേടിയത്. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് പൂര്‍ത്തിയാക്കിയ താരം, ഇടവേളയ്‌ക്ക് ശേഷവും തുടര്‍ച്ചയായി നാല് ഗോളുകള്‍ കൂടി നേടി ഇന്ത്യയുടെ ലീഡ് 13-0 ആക്കി ഉയര്‍ത്തി.

ആദ്യ മിനിറ്റ് മുതല്‍ ആക്രമണാത്മകമായാണ് ഇന്ത്യ കളിച്ചത്. ദീപികയുടെ ഹാട്രിക്കിന് പുറമെ ആദ്യ പകുതിയില്‍ ഇന്ത്യ അഞ്ച് ഗോളുകള്‍ കൂടി നേടി. ഇതോടെ ഇടവേളയ്‌ക്ക് ഇന്ത്യ 8-0ന്റെ ലീഡില്‍ എത്തി. രണ്ടാം പകുതിയിലും ആക്രമണത്തിന്റെ വേഗം കുറയ്‌ക്കാതെ ഇന്ത്യ തുടര്‍ന്നു. ദീപികയ്‌ക്ക് പുറമെ ഇഷിക മൂന്ന് ഗോളുകള്‍ നേടി ഹാട്രിക് തികച്ചു. ലാല്‍തന്ത്ലുവാംഗിയും നേഹയും രണ്ട് ഗോളുകള്‍ വീതം നേടി. ബല്‍ജീത് കൗര്‍, നവനീത് കൗര്‍, ലാല്‍റെംസിയാമി, സാക്ഷി റാണ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി ഇന്ത്യയുടെ സ്‌കോര്‍ 19ലെത്തിച്ചു. മത്സരത്തിനൊപ്പം ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത പുനിയയ്‌ക്കും ഇത് ശ്രദ്ധേയമായ ദിവസമായി.

കരിയറിലെ 320-ാം സീനിയര്‍ അന്താരാഷ്‌ട്ര മത്സരമാണ് സവിത കളിച്ചത്. ഇതോടെ ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ സീനിയര്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തില്‍ സവിത വന്ദന കതാരിയക്കൊപ്പം എത്തി. ഇന്ത്യന്‍ താരമായ ബല്‍ജീത് കൗറും മത്സരത്തിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. കരിയറിലെ 50-ാം സീനിയര്‍ അന്താരാഷ്‌ട്ര മത്സരമാണ് ബല്‍ജീത് പൂര്‍ത്തിയാക്കിയത്. വമ്പന്‍ വിജയത്തോടെ ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്.

Share