പാലക്കാട്: കൊടുവായൂരിൽ വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുകൊന്നതായി പരാതി. എത്തനൂർ തെക്കേ വീട്ടിൽ അനുപ്രിയ (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് 3.30ഓടെയാണ് കൊടുവായൂരിലെ പിട്ടുപീടികയിൽ സംഭവം നടന്നത്. ഇവിടെ വാടകവീട്ടിലായിരുന്നു അനുപ്രിയയും മണികണ്ഠനും താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നിരന്തരം കുടുംബവഴക്കുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കത്തിനിടെയാണ് മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്ത് ഞെരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. തുടർന്ന് അനുപ്രിയയ്‌ക്ക് ശ്വാസംമുട്ടലുണ്ടായി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
കൊലപാതകത്തിന് പിന്നാലെ മണികണ്ഠൻ തന്നെ പൊലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. അനുപ്രിയയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. കുടുംബവഴക്കിന്റെ പശ്ചാത്തലവും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.