വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കുകൾ പിന്മാറിയതിന് പിന്നാലെ പുതിയ സംപ്രേഷണ പ്ലാറ്റ്‌ഫോമുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ടിവി’ എന്ന പേരിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് വൈറ്റ് ഹൗസ് ആരംഭിച്ചത്.
ഭരണകൂടത്തിന്റെ അറിയിപ്പുകൾ, പ്രസിഡന്റിന്റെ പ്രസംഗങ്ങളും പ്രതികരണങ്ങളും, ഔദ്യോഗിക പരിപാടികളുടെ ദൃശ്യങ്ങൾ എന്നിവയാണ് പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം ചെയ്യുക. ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട സംഭവങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴോടെയാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ‘ട്രംപ് ടിവി’യുടെ സംപ്രേഷണം ആരംഭിച്ചത്. പുതിയ വിവരങ്ങൾ തത്സമയം അപ്‌ഡേറ്റ് ചെയ്യുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മുൻകാല പ്രസംഗങ്ങളുടെയും പൊതുപരിപാടികളുടെയും ദൃശ്യങ്ങളും ആദ്യഘട്ട സംപ്രേഷണത്തിൽ ഉൾപ്പെടുത്തി.
മാധ്യമപ്രവർത്തകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമായിരിക്കെയാണ് വൈറ്റ് ഹൗസിന്റെ പുതിയ നീക്കം. CNN, MS NOW, Politico എന്നീ മാധ്യമസ്ഥാപനങ്ങൾ വൈറ്റ് ഹൗസിൽ നിന്നുള്ള തങ്ങളുടെ മാധ്യമപ്രവർത്തകരുടെ വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂളിലെ പങ്കാളിത്തം നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്.
സർക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങൾ ലഭിക്കുന്നത് പൊതുജനങ്ങളുടെ അവകാശമാണെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ റിപ്പോർട്ടിംഗിനെ ഭരണകൂടം എതിർക്കുന്നതിനാൽ അതിന് നിയന്ത്രണം ഏർപ്പെടുത്തരുതെന്നും നെറ്റ്‌വർക്കുകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
മാധ്യമസ്ഥാപനങ്ങൾ തന്നെ ബഹിഷ്‌കരിക്കുമെന്ന വാദം ട്രംപ് തള്ളിയിരുന്നു. മാധ്യമങ്ങളുടെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ വൈറ്റ് ഹൗസ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഭരണകൂടം നേരിട്ട് ഉള്ളടക്കം നൽകുന്ന പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്.















