ന്യൂഡൽഹി: മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് ആശ്വാസമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). കോൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ഉൾപ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ (STV) വിവിധ കാലാവധികളിൽ ലഭ്യമാക്കണമെന്ന് ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. Telecom Consumers Protection (13th Amendment) Regulations, 2026 എന്ന പുതിയ ഭേദഗതി സെപ്റ്റംബർ 22നാണ് TRAI പുറത്തിറക്കിയത്. ഒക്ടോബർ 22 മുതൽ നിയമം പ്രാബല്യത്തിൽ വരും.
ഇതോടെ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾക്ക് ഇനി ഡാറ്റ ഉൾപ്പെടാത്ത വോയ്സ്-എസ്എംഎസ് റീചാർജുകൾ കൂടുതൽ കാലാവധികളിൽ നൽകേണ്ടിവരും.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
30 ദിവസമോ അതിൽ താഴെയോ ഉള്ള പ്ലാനുകൾ നിർബന്ധം
ഒരു കമ്പനിയുടെ വോയ്സ് കോൾ, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന STV-യ്ക്ക് 30 ദിവസമോ അതിൽ താഴെയോ ഉള്ള ഏതെങ്കിലും കാലാവധി ഉണ്ടെങ്കിൽ, അതേ കാലാവധിയിലുള്ള വോയ്സ്-എസ്എംഎസ് മാത്രമുള്ള STVയും നൽകണം. ഡാറ്റ ഒഴിവാക്കിയതിനനുസരിച്ച് താരിഫിൽ ഉചിതമായ കുറവും വേണം.
നിലവിൽ വോയ്സ് കോൾ-എസ്എംഎസ് മാത്രം നൽകുന്ന ചില പ്ലാനുകൾ ദീർഘകാല കാലാവധികളിലാണ് ലഭ്യമാകുന്നത്. 80/84 ദിവസമോ 336/365 ദിവസമോ പോലുള്ള ദീർഘകാല പ്ലാനുകൾക്ക് പകരം കുറഞ്ഞ കാലയളവിലുള്ള ഓപ്ഷനുകൾ വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഭേദഗതി.
എല്ലാ മാസവും ഒരേ തീയതിയിൽ റീചാർജ്
എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാവുന്ന വോയ്സ്-എസ്എംഎസ് വൗച്ചറും ടെലികോം കമ്പനികൾ നൽകണം. ഒരു മാസത്തിൽ അതേ തീയതി ഇല്ലെങ്കിൽ ആ മാസത്തിലെ അവസാന ദിവസമായിരിക്കും പുതുക്കൽ തീയതി. ഇതിന് പുറമെ 30 ദിവസത്തിലധികം കാലാവധിയുള്ള കുറഞ്ഞത് ഒരു വോയ്സ്-എസ്എംഎസ് മാത്രമുള്ള STVയും നൽകണമെന്ന് പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.
ആർക്കൊക്കെ പ്രയോജനം?
മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത ഫീച്ചർ ഫോൺ ഉപയോക്താക്കൾ, മുതിർന്ന പൗരന്മാർ, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾ, കുറഞ്ഞ വരുമാനമുള്ളവർ തുടങ്ങിയവർക്ക് കൂടുതൽ റീചാർജ് ഓപ്ഷനുകൾ ലഭിക്കാൻ പുതിയ ചട്ടം സഹായിക്കുമെന്ന് TRAI വ്യക്തമാക്കുന്നു.
2024ലെ ഭേദഗതിയിലൂടെ വോയ്സ്, എസ്എംഎസ് മാത്രമുള്ള കുറഞ്ഞത് ഒരു STV നൽകണമെന്ന് TRAI നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് ടെലികോം കമ്പനികൾ ലഭ്യമാക്കിയ പ്ലാനുകൾ പ്രധാനമായും ദീർഘകാല കാലാവധിയിലായിരുന്നുവെന്നും TRAIയുടെ വിശദീകരണത്തിൽ പറയുന്നു. പുതിയ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ ഡാറ്റ ആവശ്യമില്ലാത്തവർക്ക് തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും.















