സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: സിദ്ദിഖ് വീണ്ടും മുഴുനീള ആക്ഷൻ ഹീറോയാകുന്ന ‘രാക്ഷസവേട്ട’ എന്ന ചിത്രത്തിന് തുടക്കമായി. ഛായാഗ്രാഹകനായും ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രദ്ധ നേടിയ വിഷ്ണു വെഞ്ഞാറമൂടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുൺ നിർമിക്കുന്ന ചിത്രത്തിന് സെപ്റ്റംബർ 22ന് തുടക്കമായി.

കൊച്ചിയിലെ ആശിർവാദ് ട്രാവൻകൂർ ഹോട്ടലിൽ ലളിതമായി നടന്ന ചടങ്ങിൽ നടി മല്ലിക സുകുമാരൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

സൈക്കോ-പാക്ക് ജോണറിൽ ഒരുക്കുന്ന ചിത്രമാണ് ‘രാക്ഷസവേട്ട’. നാട്ടിൽ തുടർച്ചയായി സംഭവിക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് കടന്നുചെല്ലുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തുടക്കം മുതൽ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് കഥയുടെ പുരോഗതിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

ദുരൂഹതകൾ നിറഞ്ഞ കഥാഗതിക്കൊപ്പം മികച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. സിദ്ദിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളയ്‌ക്കുശേഷം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘രാക്ഷസവേട്ട’.

‘ഷൈലോക്ക്’ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് ആക്ഷൻ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘രാക്ഷസവേട്ടയ്‌ക്കുണ്ട്.

സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊത്, സുജിത് കോന്നി, സജു പാർഥസാരഥി, ശ്രീജു സോണി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ: ശ്യാം അരവിന്ദം
സംഗീതം: ഷാനു
ബാക്ക്ഗ്രൗണ്ട് സ്കോർ: സൗരവ് ചെന്നൈ
മേക്കപ്പ്: രാജേഷ്
കോസ്റ്റ്യൂം ഡിസൈൻ: ബിജു കുമാരപുരം

വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക.

ദുരൂഹതയും ആക്ഷനും സൈക്കോ-പാക്ക് പശ്ചാത്തലവും സമന്വയിപ്പിച്ച് സിദ്ദിഖിനെ വ്യത്യസ്തമായൊരു ആക്ഷൻ വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയിലാണ് ‘രാക്ഷസവേട്ട’ ഒരുങ്ങുന്നത്.

Share