പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദ്രീകരിച്ച് ഒരുക്കുന്ന പൂർണമായും ഒരു റോം-കോം ചിത്രത്തിന് തുടക്കമായി. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് സെപ്റ്റംബർ 21ന് അങ്കമാലിയിൽ തുടക്കമായി.

ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രണവ് പറശ്ശിനിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘നരിവേട്ട’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഇന്ത്യൻ സിനിമയുടെ നാലാമത്തെ ചിത്രം കൂടിയാണിത്.

അങ്കമാലി മൂക്കന്നൂരിന് സമീപമുള്ള ആനപ്പാറയിൽ നടന്ന ലളിതമായ ചടങ്ങിലാണ് ചിത്രീകരണത്തിന് തുടക്കമായത്. പ്രശസ്ത സംവിധായകൻ ഗിരീഷ് എ.ഡി. ഫസ്റ്റ് ക്ലാപ്പ് നൽകിയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

നഹാസ് ഹിദായത്ത്, ഗിരീഷ് എ.ഡി., എം.സി. ജിതിൻ, സംഗീത് പി. രാജൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ശേഷമാണ് രോഹിത് ചന്ദ്രശേഖരൻ തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് കടക്കുന്നത്.

ടീനേജ് പ്രായത്തിന്റെ കുസൃതികളും നെഗളിപ്പും പ്രണയവും സൗഹൃദവും ഇണക്കവും പിണക്കവുമെല്ലാം കോർത്തിണക്കി നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ടീനേജ് പ്രായക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായി ചിത്രത്തെ അവതരിപ്പിക്കാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്. ഓഡിഷനിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തതെന്ന് സംവിധായകൻ രോഹിത് ചന്ദ്രശേഖരൻ പറഞ്ഞു. താരങ്ങളുടെ പേരുവിവരങ്ങളും ചിത്രത്തിന്റെ പേരും പിന്നീട് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതുമുഖങ്ങൾക്കൊപ്പം മുതിർന്ന താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

തിരക്കഥ: കിരൺ കെ.എസ്.
സംഗീതം: ബിബിൻ അശോക്
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ
എഡിറ്റിംഗ്: ആകാശ് ജോസഫ്
കലാസംവിധാനം: ഔസേപ്പ് ജോൺ
മേക്കപ്പ്: റോണക്സ് സേവ്യർ
കോസ്റ്റ്യൂം ഡിസൈൻ: മെൽവിൻ
സ്റ്റിൽസ്: ജോസുകുട്ടി ബേബി

ക്രിയേറ്റീവ് ഡയറക്ടർ: അപ്പുമാരായ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷാൻ സലിം
അസോസിയേറ്റ് ഡയറക്ടർ: കെസിയ സോഫിയ സാമുവൽ
പ്രൊഡക്ഷൻ മാനേജേഴ്സ്: അഷയ് മനോജ്, ജെനീഷ് ജോസ്
പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്

അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കുക. ടീനേജ് പ്രായത്തിന്റെ പ്രണയവും സൗഹൃദവും കുസൃതികളും നർമ്മവും പ്രമേയമാക്കുന്ന ചിത്രം പുതുമുഖ താരങ്ങളെ കേന്ദ്രീകരിച്ചാണ് ഒരുങ്ങുന്നത്.

Share