കൊച്ചി: ജെ. സ്റ്റുഡിയോസും എ2എ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉമേഷ് എസ്. നായർ ആണ് സംവിധാനം ചെയ്യുന്നത്.
ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹൊറർ-ഹ്യൂമർ-ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അസീസ് നെടുമങ്ങാട് അവതരിപ്പിക്കുന്നു.
തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലാണ് ‘മോഹന വള്ളി’യുടെ കഥ മുന്നോട്ടുപോകുന്നത്. പ്രേമദാസൻ എന്ന യുവാവിന്റെയും പ്രേമദാസന്റെ അമ്മയുടെയും ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി.
മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി പിന്നീട് വള്ളിക്കെട്ടായി മാറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്. ഒരു സാധാരണ ഗ്രാമീണ ജീവിതത്തിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെ ഹാസ്യത്തിന്റെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം.
ഗ്രാമീണ ജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതികളെയും അതിന്റെ സ്വാഭാവികതയോടെ സിനിമയിലേക്ക് പകർത്തുകയാണ് ഉമേഷ് എസ്. നായർ ഈ ചിത്രത്തിലൂടെ. ചിരിയോടൊപ്പം ചിന്തയ്ക്കും ഇടം നൽകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
രചന: രാഹുൽ കല്യാൺ
സംഗീതം: അൽഫോൻസ് ജോസഫ്
ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ
എഡിറ്റിംഗ്: സുനേഷ് സെബാസ്റ്റ്യൻ
കലാസംവിധാനം: മകേഷ് മോഹൻ
മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി
കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ.
സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ
സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ
ഡിസൈൻ: യെല്ലോടൂത്ത്
മാർക്കറ്റിംഗ്: ഒപ്റ
സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ
ഗ്രാമീണ പശ്ചാത്തലവും ഹൊറർ, ഹ്യൂമർ, ഫാന്റസി ഘടകങ്ങളും കോർത്തിണക്കി അസീസ് നെടുമങ്ങാടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മോഹന വള്ളി’യുടെ ചിത്രീകരണം പൂർത്തിയായതോടെ ചിത്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.















