കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ ഇടപെട്ട് മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും; വിദ്യാഭ്യാസ വകുപ്പിനോട് അടിയന്തര നടപടി ആവശ്യപ്പെട്ടു

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: കറ്റാനം സെൻ്റ് സ്റ്റീഫൻസ് എൽ പി സ്ക്കൂളിന്റെ അംഗീകാരം റദ്ദാക്കിയതിന്മേലുളള ജനം ടി വി വാർത്തയിൽ മന്ത്രി എം ലിജുവും ബാലാവകാശ കമ്മീഷനും ഇടപെട്ടു . ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 21 ദിവസമായി അധ്യയനം മുടങ്ങിയ സാഹചര്യത്തിലാണ് കമ്മീഷൻ നടപടി.

പ്രശ്നം അടിയന്തരമായി പരിഹരിച്ച് സ്കൂൾ തുറക്കണമെന്നും മുടങ്ങിയ ക്ലാസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

41 വിദ്യാർഥികളുടെ പഠനമാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്. 110 വർഷമായി പ്രവർത്തിക്കുന്ന സ്കൂളിന്റെ രണ്ട് കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നഷ്ടമായതിനെ തുടർന്നാണ് ക്ലാസുകൾ നിർത്തിവെച്ചത്.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് പുനഃസ്ഥാപിക്കാൻ മാനേജ്മെന്റ് തയ്യാറായിട്ടില്ലെന്നാണ് പരാതി. പകരം കുട്ടികളെ മറ്റ് സ്കൂളുകളിൽ ചേർക്കാൻ രക്ഷിതാക്കളോട് നിർദേശിച്ചെന്നും പരാതിയുണ്ട്.

അധ്യയനം മുടങ്ങിയതിനെ തുടർന്ന് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിന് മുന്നിൽ സമരം ആരംഭിച്ചിരുന്നു. എയ്ഡഡ് സ്കൂൾ അടച്ചുപൂട്ടി മാനേജ്മെന്റിന് കീഴിലുള്ള അൺഎയ്ഡഡ് സ്കൂളിന്റെ പ്രവർത്തനം വിപുലീകരിക്കാനാണ് ശ്രമമെന്നാണ് രക്ഷിതാക്കളുടെ ആരോപണം.

സ്കൂൾ തുറന്ന് കുട്ടികളുടെ പഠനം പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ആവശ്യം.

Share