ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭാ പൊതുസഭയിൽ പേജർ ഉയർത്തിക്കാട്ടിക്കാട്ടി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 2024 സെപ്റ്റംബറിൽ ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകർ ഉപയോഗിച്ചിരുന്ന പേജറുകളും മറ്റ് ആശയവിനിമയ ഉപകരണങ്ങളും പൊട്ടിത്തെറിച്ച സംഭവത്തെ പരാമർശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
“ബീപ്പറുകൾ ഓർമയില്ലേ? ഹിസ്ബുള്ളയ്‌ക്ക് അവ തീർച്ചയായും ഓർമയുണ്ടാകും,” നെതന്യാഹു യുഎൻ പൊതുസഭയിൽ പേജർ ഉയർത്തിക്കാട്ടി പറഞ്ഞു.
2024 സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖലയിലെ ആയിരക്കണക്കിന് ഉപകരണങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് വ്യാപകമായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അന്ന് ഇസ്രയേൽ ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല.
യുഎൻ പ്രസംഗത്തിൽ ഹമാസ്, ഹിസ്ബുള്ള, ഇറാൻ എന്നിവർക്കെതിരായ ഇസ്രയേലിന്റെ സൈനിക നടപടികളെ നെതന്യാഹു ശക്തമായി ന്യായീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇസ്രയേൽ സൈന്യം ഏഴ് ഇടങ്ങളിലാണ് യുദ്ധം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. “ന്യൂജേഴ്‌സിയുടെ വലുപ്പമുള്ള മറ്റേതെങ്കിലും രാജ്യത്തിന് മൂന്ന് വർഷം ഏഴ് ഇടങ്ങളിലായി യുദ്ധം ചെയ്യാൻ കഴിയുമോ?” എന്നും നെതന്യാഹു ചോദിച്ചു.
ഇറാനെതിരെയും രൂക്ഷ വിമർശനമാണ് നെതന്യാഹു ഉന്നയിച്ചത്. ഇറാൻ സർക്കാരിനെ “കൊലപാതകികളുടെ സ്വേച്ഛാധിപത്യം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് ഇറാനെ തടയുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാന്റെ സൈന്യത്തിനും ആണവ കേന്ദ്രങ്ങൾക്കും കനത്ത തിരിച്ചടി നൽകിയെന്നും നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, നെതന്യാഹു പ്രസംഗിക്കാനായി വേദിയിലെത്തിയപ്പോൾ യുഎൻ പൊതുസഭയിൽ നിന്ന് നിരവധി പ്രതിനിധികൾ പുറത്തേക്ക് പോയി.















