ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സമ്മാനത്തുക മുതല്‍ ടിക്കറ്റ് വില്‍പ്പന വരെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ഇത്തവണത്തെ തിരുവോണം ബംപര്‍. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 89.85 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പ്പനയിലേക്കാണ് ഇത്തവണ ഓണം ബംപര്‍ കുതിക്കുന്നത്. ഇത്തവണ ഒന്നാം സമ്മാനവും റെക്കോര്‍ഡാണ്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടിയായി ഉയര്‍ത്തുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണം ബംപര്‍ ടിക്കറ്റിന് വലിയ ഡിമാന്‍ഡാണ് ലഭിച്ചത്. അതിര്‍ത്തി ജില്ലയായ പാലക്കാട്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് ടിക്കറ്റ് വാങ്ങാനെത്തുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരും കൂട്ടമായി ഓണം ബംപര്‍ എടുക്കുന്നുണ്ട്. ഭാഗ്യം തേടി പാലക്കാട്ടെത്തി ടിക്കറ്റ് വാങ്ങി മറ്റ് ജില്ലകളില്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരുമുണ്ട്. 90 ലക്ഷം ടിക്കറ്റുകളില്‍ 89.85 ലക്ഷവും വിറ്റതോടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം.

സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിലാണ് തിരുവോണം ബംപര്‍ 2026 നറുക്കെടുപ്പ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഉച്ചയ്‌ക്ക് 1.30നാണ് നറുക്കെടുപ്പ് ചടങ്ങ്. 30 കോടി രൂപയുടെ ഒന്നാം സമ്മാനം ആര് സ്വന്തമാക്കും? കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ ഭാഗ്യനമ്പറിനായി.

Share