പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയിൽ രണ്ട് സ്ഥലങ്ങളിലായി 7,300 കഞ്ചാവ് ചെടികൾ കണ്ടെത്തി പൊലീസ് നശിപ്പിച്ചു. കഞ്ചാവ് കൃഷി നടത്തിയവരെ കണ്ടെത്തുന്നതിനായി പുതൂർ പൊലീസ് അന്വേഷണം ശക്തമാക്കി.
ഏഴ് മണിക്കൂറിലേറെ ചെങ്കുത്തായ മലനിരകളിലൂടെ സാഹസികമായി സഞ്ചരിച്ചാണ് പൊലീസ് സംഘം കൃഷിയിടങ്ങളിലെത്തിയത്. തുടർന്ന് കണ്ടെത്തിയ മുഴുവൻ കഞ്ചാവ് ചെടികളും നശിപ്പിച്ചു.
പൊന്നക്കൽ മലയ്‌ക്കും അംഗണ്യൻ ചോലയ്‌ക്കും ഇടയിലുള്ള പ്രദേശത്ത് 160 തടങ്ങളിലായി ഒന്നര മാസം പ്രായമുള്ള ഏകദേശം 1,600 കഞ്ചാവ് തൈകളാണ് കണ്ടെത്തിയത്. ഇതിന് പുറമെ പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്ത് 475 തടങ്ങളിലായി പൂർണ വളർച്ചയെത്തിയതും പൂത്തുനിൽക്കുന്നതുമായ 5,700 ചെടികളും കണ്ടെത്തി.
രണ്ട് സ്ഥലങ്ങളിലുമായി കണ്ടെത്തിയ 7,300 ചെടികളും പൊലീസ് നശിപ്പിച്ചു. കഞ്ചാവ് കൃഷിക്ക് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
കൃഷിയിടങ്ങൾ കണ്ടെത്തിയ പ്രദേശം ചെങ്കുത്തായ മലനിരകളിലായതിനാൽ മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിലാണ് പൊലീസ് സംഘത്തിന് സ്ഥലത്തെത്താനായത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയവരെ കണ്ടെത്തുന്നതിനായി പുതൂർ പൊലീസ് അന്വേഷണം തുടരുകയാണ്.















